Friday, November 14, 2014

on Leave a Comment

Metro Baalyam by P.P Anil Kumar | മെട്രോ ബാല്യം - കവിത - പി പി അനില്‍ കുമാര്‍

കുഞ്ഞേ ഇല്ല നിനക്ക് കാട്ടിത്തരാന്‍
ഒരു മഞ്ചാടി മരം ഈ ഇടനാഴിയില്‍
കുഞ്ഞിക്കയ്യാല്‍ നിനക്കെറിയുവാന്‍
കുഞ്ഞു മാവില്ല കിളിയില്ല തൊടിയില്ല
മണ്ണില്ല മഴയില്ല വയലില്ല വാശി വേണ്ട
ഉണ്ടങ്ങുറങ്ങുക ഉണരുക ഇവിടെയിനി
ഉണ്ടോ ഒരു ബാല്യം കഷ്ടം ഉണ്ടാകില്ല
പൊന്തിയ ഈ കെട്ടിട സമുച്ചയത്തില്‍

ഇന്നീ മുറിക്കുള്ളില്‍ എന്നോടൊപ്പം
വന്നാല്‍ കാട്ടിത്തരാം കാര്‍ട്ടൂണുകള്‍
ഒന്ന് രണ്ട് മൂന്ന്‍ റിമോട്ടാല്‍ നിത്യം
എണ്ണി ചാനലുകള്‍ മാറ്റുക ബാല്യമേ
ഇല്ല കടലും മലകളും പുഴകളും കാറ്റും
കണ്ണുകള്‍ കാണട്ടെ കല്പനാലോകം
എന്നാലായി ഇവിടെയിതേ മരുപ്പച്ച
എന്നാല്‍ ആവുന്നതിതേ മെട്രോയില്‍

വന്നു ചാച്ചാജി തന്‍ ജന്മദിനം തിരക്കില്‍
ഇന്നലെ തയ്പ്പിച്ച കുപ്പായം അണിയുക
ഇന്നത്രേ ശിശു ദിനം ആഘോഷിക്കുവാന്‍
നിന്നോടൊപ്പം കൂടുമോ നിന്റെ കൂട്ടുകാര്‍
വരിക നിന്‍ വെളുത്ത കുപ്പായക്കുടുക്കില്‍
ഒരു ചുവപ്പ് റോസാപ്പൂ ഞാന്‍ കുത്തി തരാം

വിരിയട്ടെ പാല്‍ പുഞ്ചിരി നിന്‍ ചൊടിയില്‍
കൊഴിയാതെ നീ സൂക്ഷിക്കുക അത് നെഞ്ചില്‍
നിന്നോമല്‍ പാദങ്ങള്‍ തളരരുതൊരിക്കലും
നഗര വീഥിയില്‍ ഇന്നിനി ജാഥ നയിക്കുമ്പോള്‍

കുന്നോളം സ്വപ്‌നങ്ങള്‍ പൂക്കുന്ന ഈ മനസ്സുകളില്‍
ഇന്നാകെ തരിശിട്ടു നാം നല്‍കുന്നതോ നഷ്ട മോഹം
എന്നാലും വളരുമ്പോള്‍ ഓര്‍ക്കാന്‍ കിടാങ്ങള്‍ക്ക്
ഉണ്ടാകട്ടെ ഉണങ്ങാത്ത പുല്‍നാമ്പുകള്‍ ഓര്‍മ്മകള്‍

0 comments :

Post a Comment

Related Posts Plugin for Sruthilayam ശ്രുതിലയം അക്ഷരം അഗ്നിയാണ്. അക്ഷരം ആയുധമാണ് Sruthilayam ശ്രുതിലയം അക്ഷരം അഗ്നിയാണ്. അക്ഷരം ആയുധമാണ് - കഥകള്‍ കവിതകള്‍ നിരൂപങ്ങള്‍ ആശംസകള്‍ - Poem Story Criticism Greetings from Sruthilayam Facebook Group WordPress, Blogger...

Follow Us


SocialTwist Tell-a-Friend