Thursday, November 27, 2014

on Leave a Comment

Punarjani പുനർജനി Malayalam Short Story കഥ by Suresh Nair സുരേഷ് നായര്‍

എന്താ ഗോപാ സമയം എഴുമണി കഴിഞ്ഞല്ലോ ... ..വീട്ടിലേക്കു പോകാറായില്ലേ...?

പിയൂണ്‍ ശങ്കരേട്ടൻറെ ശബ്ദം ഗോപനെ ചിന്തയിൽ നിന്നുണർത്തി ....ഓരോന്നും ആലോചിച്ചിട്ട് സമയം പോയതറിഞ്ഞില്ല ... മനസ്സ് വല്ലാതെ കലുഷിതമായിരിക്കുന്നു ... ഒന്നിലും ശ്രദ്ധിക്കാൻ കഴിയുന്നില്ല ...... അക്ഷമയോടെ തന്റെ നേരെ നോക്കുന്ന ശങ്കരേട്ടനെ കണ്ടു ഗോപൻ പെട്ടെന്ന് ഫയലുകൾ അടുക്കിവെച്ചു.... ഇനിയെല്ലാം നാളെ....തന്നെ പോലെ അല്ല ശങ്കരേട്ടനെ കാത്തു വീട്ടില് ഭാര്യയും മക്കളും ഉണ്ട് ....താനും കൂടി ഇറങ്ങി ഓഫീസും പൂട്ടി വേണം ശങ്കരേട്ടനു വീട്ടില് പോകാൻ ....

ശങ്കരേട്ടൻ ഓഫീസിലെ വെറുമൊരു പിയൂണ്‍ ആണെങ്കിലും എല്ലാവരും ആദരിക്കുന്ന വ്യക്തിത്വം.... എല്ലാവർക്കും നല്ലത് മാത്രം വരണമെന്നാഗ്രഹിക്കുന്ന മനുഷ്യൻ ...

ഫയലുകളെല്ലാം അടുക്കിവെച്ചു ഗോപനെഴുന്നേറ്റു... കാബിനിലെ ലൈറ്റുകളെല്ലാം അണച്ച് കടന്നപ്പോഴേക്കും ശങ്കരേട്ടന് പോകാനുള്ള തായാറെടുപ്പ് നടത്തിയിരുന്നു ...ഓഫീസു പൂട്ടി ഇരുവരും ഒരുമിച്ചു പുറത്തിറങ്ങി...

പുറത്തു പാർക്കിംഗ് ഏരിയയിൽ വിശ്രമിക്കുന്ന തന്റെ ബൈക്കിനടുതെതിയ ഗോപനെ നോക്കി ശങ്കരേട്ടൻ പറഞ്ഞു

മോനെ.....ഞാൻ ഇന്ന് രാജിമോളെ കണ്ടിരുന്നു .അവളുടെ അച്ഛന് തീരെ സുഖമില്ലതായിരിക്കുന്നു . ആശുപത്രിയില് കൊണ്ടുപോകാന് പോലും ആരുമില്ലാതെ വല്ലാതെ കഷ്ടപെടുകയാണവര് ..പാവം വല്ലാതെ സങ്കടപെടുന്നു. എത്ര നാളായി അവൾ അവിടെ... ഒന്നുകൂടി ആലോചിക്ക് ...
ഒരു പാവം കുട്ടിയുടെ ശാപം ഏറ്റു വാങ്ങാതെ ഉചിതമായ തീരുമാനമെടുക്കുക.... ഇനിയും സമയം വൈകിയിട്ടില്ല...നഷ്ടപെടാൻ നിനക്ക് മാത്രമായിരിക്കും... മറ്റുള്ളവര് വെറും കാഴ്ചകാരും. ..

ശങ്കരേട്ടൻ തുടർന്നു ...

"അമ്മയെയും പെങ്ങന്മാരേയും സ്നേഹിക്കരുത് എന്നല്ല ... പക്ഷെ ഒരു കറവമാടിനെപോലെ ആകരുത് നിന്റെ ജീവിതം...എന്നാണു പറഞ്ഞത്... എന്നും നിന്റെ സുഖത്തിലും ദുഖത്തിലും കൂടെ നില്ക്കാന് നീ താലികെട്ടിയ നിന്റെ രാജി മാത്രമേ കാണുകയുള്ളൂ ..."

ശങ്കരേട്ടൻറെ ഉപദേശത്തിനു ചെറിയൊരു പുഞ്ചിരിയും സമ്മാനിച്ചുകൊണ്ട് ഗോപന് ബൈക്കോടിച്ചു കൊണ്ട് വീട്ടിലേക്കു യാത്രയായി .. കണ്മുന്നില് നിന്ന് മറയുവോളം ഗോപനെ നോക്കിനിന്ന ശങ്കരേട്ടനും തന്റെ വീട്ടിലേക്കു യാത്രയായി

വീട്ടിലെത്തിയ ഗോപൻ വീണ്ടും ചഞ്ചലചിത്തനായി.... കഠിനമായ ഏകാന്തത.... എല്ലായിടത്തും തികച്ചും ഒറ്റപെട്ടതുപോലെ ....വികലമായ ചിന്തകൾ മനസ്സിനെ വേട്ടയാടുന്നു... രാജിയുടെ അഭാവത്തില് പത്തു ദിവസം പിന്നിട്ടിരിക്കുന്നു... അമ്മ അനിയത്തിയുടെ വീട്ടിലേക്കു പോയിട്ട് ഒരാഴ്ചയായിരിക്കുന്നു....നാളെ ഞായറാഴ്ച.. ചേച്ചിയുടെയും അനുജത്തിയുടെയും കൂടെയുള്ള സുഖവാസതിനുശേഷം നാളെ അമ്മ വരും... കൂടെ അവരും കാണും സ്ത്രീധന ബാക്കി കിട്ടിയോ എന്നറിയാൻ ...

അമ്മയും ഒരു അനുജത്തിയും ചേച്ചിയും അടങ്ങുന്നതാണ് ഗോപന്റെ കുടുംബം.... നല്ല കനത്ത സമ്പളം വാങ്ങുന്ന ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥനാണ് ഗോപൻ ... ചേച്ചിയെയും അനുജത്തിയും കല്യാണം കഴിപ്പിച്ചുവിട്ടു ഗോപന് തന്റെ ജീവിത സഖിയായി തിരഞ്ഞെടുത്തതാണ് രാജിയെ.. ഒരു ഗ്രാമീണതയുടെ സൌന്ദര്യമുള്ള നാടൻ പെണ്‍കുട്ടി .... സ്നേഹിക്കാൻ മാത്രമറിയാവുന്നവള്... രാജിയെ ഗോപന് ഒരുപാടിഷ്ടമായെങ്കിലും അവരുടെ സാമ്പത്തികസ്ഥിതി മോശമെന്നു കണ്ട ഗോപന്റെ അമ്മയും പെങ്ങന്മാരും അവന്റെ ഇഷ്ടത്തെ നിശിതമായി എതിർത്തു ..പക്ഷെ ഗോപൻ തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു .. അവസാനം അവന്റെ ഇഷ്ടത്തിന് വഴങ്ങിയ അവര് പക്ഷെ രാജിയുടെ കുടുംബത്തോട് ചോദിച്ചത് താങ്ങാനാവാത്ത സ്ത്രീധനമായിരുന്നു. എങ്കിലും മോളുടെ നല്ല ഭാവിയെ കരുതി വെറുമൊരു ബസ് ഡ്രൈവറായ രാജിയുടെ അച്ഛൻ അവര് ചോദിച്ച സ്ത്രീധനം കുറച്ചു സമയത്തിനകം നല്കാമെന്ന ഉപാധിയില് കല്യാണം നടന്നു

പക്ഷെ അവധികള് പലതുകഴിഞ്ഞിട്ടും രാജിയുടെ അച്ഛന് പറഞ്ഞ സ്ത്രീധനം നല്കുവാനായില്ല ... അതിന്റെ പേരില് വീട്ടില് അസ്വാരസ്യങ്ങള് ഉടലെടുത്തു... ജോലി കഴിഞ്ഞു വീട്ടിലെത്തിയാല് മനസമാധാനം നഷ്ടപെടുന്ന അന്തരീക്ഷമായിരിക്കും കാത്തിരിക്കുന്നുണ്ടാകുക..

ഒരിക്കല് ചേച്ചി പറഞ്ഞത് ഇന്നും കാതില് മുഴങ്ങുന്നു ...

"ഇവനൊരു പെണ്‍കോന്തനാ അമ്മെ... അതുകൊണ്ടല്ലേ അവളിപ്പോഴും ഇവിടെ തന്നെ കഴിയുന്നത്..... അവളെ അവളുടെ വീട്ടിലേക്ക് പറഞ്ഞുവിട്ടാൽ ഒരാഴ്ചക്കുള്ളില് താനേ വന്നോളും തരാനുള്ള ബാക്കി സ്വർണ്ണവും പണവുമെല്ലം ....'

പിന്നീടു അമ്മയുടെ വക...

"എടാ നാണമുണ്ടോടാ നിനക്ക് .... എത്ര നാളായെടാ തരാനുള്ള ബാകി പണവും സ്വര്ണ്ണവും തരാതെ കളിപ്പിക്കുന്നു ....നീ അവളെ അവളുടെ വീട്ടില് കൊണ്ടുപോയി വിട് .. അപ്പോഴേ അവർക്ക് തരാനുള്ള ഒരു ചൂടു ണ്ടാകൂ ."
തീരെ സമാധാനം നഷ്ടപെടുന്ന അവസ്ഥ വന്നപ്പോൾ ഒടുവിൽ താൻ അതുതന്നെ ചെയ്തു ...

അവളുടെ വീട്ടിലെത്തിയപ്പോൾ ഒന്നും മിണ്ടാതെ അകത്തേക്ക് കയറിപോയ അവള് താന് തിരിച്ചിറങ്ങിയപ്പോള് പാളികളില്ലാത്ത ജനലിലൂടെ മുഖത്തൊരു കണ്ണീർചാലുമായി തന്നെ നിർ നിമേഷം നോക്കി നിന്ന അവളുടെ മുഖം മനസ്സിലൊരു വിങ്ങലായ് പടർന്നു കയറി .... തനിക്കു മാത്രം ഉറക്കം നഷ്ടപെട്ട യാമങ്ങള്...

ആർക്ക് വേണ്ടിയാണ് താൻ അവളെ ഉപേക്ഷിച്ചത് .... ? എന്തിനുവേണ്ടി ? അമ്മയുടെയും പെങ്ങന്മാരുടെയും വാക്കുകള്‍ക്കൊത്തു താൻ തുള്ളുകയായിരുന്നു.... അവർ തന്നോട് സ്നേഹമുണ്ടോ...? ഇല്ലെന്നു ഇപ്പോള് തോന്നുന്നു.... ശമ്പളം കിട്ടിയ അന്ന് തന്റെ കയ്യില് നിന്ന് കനത്ത ഒരു തുകയും വാങ്ങി പോയതാണ് അമ്മ അനിയത്തിയുടെ വീട്ടിലേക്കും ചേച്ചിയുടെ വീട്ടിലെക്കുമായ്... ഒരാഴ്ചയായിരിക്കുന്നു... താനിവിടെ ഭക്ഷണം കഴിച്ചോ എങ്ങിനെ ആണ് കഴിയുന്നത് എന്നൊന്നും ആരും .അറിയുന്നില്ല. ...

ശങ്കരെട്ടന്റെ വാക്കുകള് ശരിയാണ് നഷ്ടപെടാൻ തനിക്കു മാത്രം..അല്ലെങ്കിലും എന്തിനു വേണ്ടി ആയിരുന്നു എല്ലാം....കുറെയേറെ പണത്തിനോ ..? അതോ സ്വർണ്ണത്തിനോ ..? ഓരോ നിമിഷവും നഷ്ടമാകുന്നതു തന്റെ ജീവിതമാണ് .. ചേച്ചിയുടെയും അനുജതിയുടെയും ജീവിതം സുഗമമായി മുന്നോട്ടു പോകുന്നു ..? തന്റെയോ..?

താന് ചെയ്തത് വലിയ ഒരു തെറ്റ് തന്നെ .... ആ തെറ്റ് നാളെ തന്നെ തിരുത്തണം... രാജിയെ തിരിച്ചു കൊണ്ട് വരണം.... തനിക്കു വേണ്ടത് തന്നെ സ്നേഹിക്കുന്ന ജീവിത സഖിയെ ആണ്... അല്ലാതെ പൊന്നും പണവുമൊന്നും അല്ല .... ജീവികാനുള്ളതും അതിലപ്പുറവും താന് സമ്പാദിക്കുന്നുണ്ട്...ഇനി ഒരിക്കലും രാജിയെ വിഷമിപ്പിക്കില്ല ....പാവം രാജിക്ക് എല്ലാവരെയും സ്നേഹിക്കാന് മാത്രമേ അറിയുകയുള്ളൂ ഇനി അവളെ കുത്തിനോവിക്കാൻ ആരേയും സമ്മതിക്കില്ല ... ചേച്ചിക്കും അനുജതിക്കുമെല്ലം വാരികോരി കൊടുത്തിട്ടുണ്ട് .... ഇനി ഒരു ഉറച്ച തീരുമാനം എടുക്കണം....

പിറ്റേന് രാജിയുടെ വീട്ടിലെത്തിയ ഗോപൻ കണ്ടു അവശനായ അച്ഛനെ താങ്ങിയെഴു നെല്പ്പിച്ചു ഭക്ഷണം കൊടുക്കുന്ന രാജിയെ... ഐസ്വര്യദീപ്തമായിരുന്ന എ മുഖം വല്ലാതെ വാടിപോയിരിക്കുന്നു ... എങ്കിലും ആ കണ്ണുകൾ ഒരു പ്രത്യേക വശ്യത.... ഗോപന്റെ മനസ്സില് ഒരു കടലോളം സ്നേഹം അലയടിച്ചു .

പെട്ടെന്ന് ഗോപനെ കണ്ടപ്പോള്‍ രാജിയുടെ അച്ഛനും അമ്മയുമൊക്കെ വല്ലാതെ അമ്പരന്നു .... മനസ്സില് ഭയം കൂടുകൂട്ടി ... കൊടുക്കാനുള്ള സ്ത്രീധനം ചോദിച്ചുകൊണ്ടുള്ള വരവാണോ ..? നിസ്സഹായതയുടെ നീർച്ചുഴിയിലകപെട്ട അവരുടെ കാതുകളിലേക്ക് ഗോപൻറെ കുറ്റബോധതിന്റെ ലാഞ്ചനയുള്ള സ്വരം മുഴങ്ങി ....

"അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം..... ഞാന് രാജിയെ കൊണ്ടുപോകാനാണ് വന്നത് .... എനിക്ക് സ്വർണ്ണവും പണവുമൊന്നും വേണ്ട....അതിനുവേണ്ടി ഇനി ആരും നിങ്ങളെ ബുദ്ധിമുട്ടിക്കുകയില്ല.... എന്റെ രാജി ഇല്ലാതെ ഒരു ദിവസം പോലും എനിക്ക് മുന്നോട്ടു പോകാൻ കഴിയില്ല...അവളെ ഞാന് കൊണ്ട് പോവുകയാണ്"

ഗോപന്റെ പെട്ടെന്നുള്ള മനം മാറ്റത്തില് ഒന്നമ്പരന്നെങ്കിലും യാതാർഥ്യം മനസ്സിലാക്കിയപ്പോൾ അവർക്ക് സന്തോഷമായി ...ഉരുണ്ടുകൂടിയ കണ്ണുനീര് തുടച്ചുകൊണ്ട് രാജിയുടെ അമ്മ പറഞ്ഞു

"എന്റെ മോനെ ദൈവം അനുഗ്രഹിക്കട്ടെ.... അച്ഛന് കുറച്ചു പൈസ കിട്ടും മോനെ അടുതുതന്നെ... അത് കിട്ടിയാല് മോന് തരാനുള്ളത് കുറെയൊക്കെ തന്നു തീർക്കാം ..".

അതുകേട്ട ഗോപൻ പറഞ്ഞു...

വേണ്ടമ്മേ ഇനി സ്ത്രീധനം എന്ന പേരില് ഒരു രൂപ പോലും എനിക്ക് വേണ്ട ... . രാജി ...ഇവള് തന്നെ ആണ് എന്റെ ധനം അത് ഞാന് തിരിച്ചറിയാൻ വൈകിപോയി .... എന്റെ അമ്മയോടുള്ള സ്നേഹം എന്നെ വലിയ ഒരു തെറ്റിലേക്കാണ് നയിച്ചത് ... എന്റെ രാജിയെ സ്നേഹിച്ചുകൊണ്ട് ..ഇന്ന് മുതല് ഞാന് ആ തെറ്റ് തിരുത്തുകയാ .ഒപ്പം എന്റെ അമ്മയുടെയും...
രാജിയെയും കൂട്ടി ഇറങ്ങാൻ നേരം കുറച്ചു നോട്ടുകൾ മടക്കി ആ അമ്മയുടെ കയ്യില് വെച്ചുകൊണ്ട് ഗോപൻ പറഞ്ഞു...

"അമ്മെ എല്ലാ തെറ്റിനും എന്നോട് ക്ഷമിക്കണം.... അമ്മയുടെ മരുമകനല്ല ...മകനായിട്ടു തന്നെ എന്നെ കാണണം .... ഇനി എന്ത് ആവശ്യമുന്ടെങ്കിലും എന്നോട് പറയണം.....

അപ്പോൾ അവരുടെ കണ്ണുകളിൽ ഉരുണ്ടുകൂടിയ കണ്ണുനീരിനു ഒരു സന്തോഷത്തിന്റെ തിളക്കമുണ്ടായിരുന്നു...

രാജിയോടോത്തു വീട്ടിലെത്തിയ ഗോപൻ കണ്ടത് ദേഷ്യം പൂണ്ടിരിക്കുന്ന അമ്മയെയും പെങ്ങന്മാരെയുമാണ്... താന് രാജിയെ കൂട്ടികൊണ്ടുവരാൻ പോകുന്ന കാര്യം അടുത്ത വീട്ടിലെ അമ്മിണി ചേച്ചിയോടു പറഞ്ഞിരുന്നു.. അവര് പൊടിപ്പും തൊങ്ങലും കുറച്ചു ഏഷണിയും കൂട്ടി പറഞ്ഞിരിക്കും .... അതിനു വേണ്ടി തന്നെയാണല്ലോ താന് അവരോടു പറഞ്ഞതും...

ഗോപനെ കണ്ടതും അവന്റെ അമ്മ ചാടി എഴുനേറ്റുകൊണ്ട് ചോദിച്ചു..
"എടാ നീ ഇത് എന്ത് ഭാവിച്ചാണ് .... തരാനുള്ളതൊന്നും വാങ്ങാതെ അവളെയും എഴുന്നള്ളിച്ചുകൊണ്ട് വന്നിരിക്കുന്നു നാണമില്ലാതവൻ "
അടുത്തത് ചേച്ചിയുടെ വകയായിരുന്നു

'നീ ഇത്ര വലിയ പെണ്‍കോന്തനായിപോയല്ലോട.... അവളൊന്നു ചിരിച്ചു കാണിച്ചപ്പോൾ നീയങ്ങ് മയങ്ങിപോയി ...കുറച്ചൊക്കെ നാണം വേണമെടാ...".
അപ്പോള് ഒന്നും മിണ്ടാതിരിക്കുന്ന അനിയതിയോടായി ഗോപന് ചോദിച്ചു
നിനക്കൊനും പറയാനില്ലേടി ..... പെണ്കോന്തനെന്നോ ... ആണും പെണ്ണും കേട്ടവനെന്നോ ഒന്നും ...?..

ഗോപൻ തുടർന്നു ...

ഒന്ന് ഞാൻ പറഞ്ഞേക്കാം ഇനി ഇന്നുമുതല് രാജി ഇവിടെ താമസിക്കും... എന്റെ ഭാര്യയായിട്ടു തന്നെ ... വഴക്ക് കൂടാനായിട്ടു ഒരാളും ഇങ്ങോട്ട് വന്നേക്കരുത് .... ഇവള് എന്റെ ഭാര്യ ആണ് ഇവളിവിടെയാണ് താമസിക്കേണ്ടത് ...

പെട്ടെന്നുള്ള ഗോപന്റെ മനം മാറ്റത്തില് അമ്പരന്നുപോയ അവരെ നോക്കി ഗോപൻ തുടന്നു....

നിങ്ങൾക്ക് തരാനുള്ളതെല്ലാം തന്നു കഴിഞ്ഞു... ഇപ്പോഴും എല്ലാ മാസവും എന്റെ ശമ്പളലത്തില് നിന്ന് ഒരുപങ്ക് അമ്മ നിങ്ങളിലെക്കെതിക്കുന്നുമുണ്ട് ... എന്നിട്ടും നിങ്ങളെ പോലെ ഉള്ള ഒരു സ്ത്രീ ആയിട്ടുകൂടി രാജിയെ നിങ്ങളെന്തിനാണ് മാനസ്സികമായി ഉപദ്രവിക്കുന്നത് .... അവൾക്കവകാശപെട്ട പണമാണ് അമ്മ നിങ്ങൾക്ക് കൊണ്ട് വന്നു തരുന്നത് ... ഒരു പ്രാവശ്യം പോലും അവള് ഒരു പരാതിയും നിങ്ങളെ പറ്റി പറഞ്ഞിട്ടില്ല .... ഇനിയും നിങ്ങള്ക്ക് ഇവളെ സ്നേഹിക്കാൻ കഴിയില്ലെങ്കില് ഇങ്ങോട്ട് വരണമെന്നില്ല ഇതെന്റെ ഉറച്ച തീരുമാനമാണ് ....എല്ലാവരുമായും സ്നേഹത്തോടെ കഴിയാനാണെങ്കില് മാത്രം ഇങ്ങോട്ട് വരാം...

ഇനി അമ്മയോട് .... അമ്മക്ക് പെണ്മക്കളോട് എന്നേക്കാള് സ്നേഹമുണ്ടായിരിക്കാം.. എനിക്ക് വിഷമമില്ല .. അമ്മ ഒന്നോർക്കണം അമ്മയുടെ പെണ്മക്കളെ പോലെ തന്നെ ഒരമ്മയുടെ മോളാണ് രാജിയും .... സ്ത്രീധനം കുറഞ്ഞുപോയി എന്നതിന്റെ പേരില് അമ്മ എത്രമാത്രം ദ്രോഹിച്ചിട്ടുണ്ട് ...എത്രമാത്രം അപമാനിചിട്ടുണ്ട് .... എന്തിനാണ് കണ്ണീരിൽ കുതിർന്ന സ്വത്തു സമ്പാദിക്കുന്നത് .... ഇനിയും അമ്മ തെറ്റ് തിരിച്ചറിയുക തന്നെ വേണം.... അമ്മയുടെ മോളായി ഇവളെ കാണണം...ഈ വീട്ടില് സ്നേഹവും സമാധാനവും സന്തോഷവും കളിയാടണം ... നാളെ അമ്മയൊന്നു അവശയായാല് എന്റെ രാജിയെ ഉണ്ടാകുകയുള്ളൂ അമ്മയെ ശുശ്രുഷിക്കാന് ..... അമ്മയുടെ പെണ്മക്കള് അപ്പോള് ഒരു സന്ദർശകർ മാത്രമായിരിക്കും... അമ്മ അതോർതാൽ നന്ന്... ഇനിയും സ്ത്രീധനത്തിന്റെ പേരില് രാജിയെ ദ്രോഹിക്കാൻ ഞാന് സമ്മതിക്കില്ല.... എന്റെ ധനം രാജിയാണ് ... അതുതന്നെ ആയിരിക്കണം അമ്മയുടെയും ......

ഉറച്ച ശബ്ധത്തില് ഗോപന് പറഞ്ഞു നിര്ത്തി ...

ഗോപന്റെ വാക്കുകൾ കേട്ട് കലിതുള്ളികൊണ്ട് ചേച്ചിയും അനുജത്തിയും ഇറങ്ങിപോയി... ഗോപൻ രാജിയും കൂട്ടി വീടിനുള്ളിലേക്കും...

മുറ്റത്ത് ഒരു അനാഥയെ പോലെ നിന്ന ആ അമ്മയെ മകന്റെ വാക്കുകൾ വല്ലതൊന്നുലച്ചു... ശരിയാണ് താൻ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട് രാജിയെ....തെറ്റുകള് ഒരുപാട് ചെയ്തിരിക്കുന്നു.... വീട്ടിൽ നിന്ന് ഇറങ്ങിയ പെണ്മക്കൾക്ക് പകരമായി മകന്റെ ഭാര്യയെ കാണേണ്ട താന് എന്തൊക്കെയാണ് ചെയ്തു കൂട്ടിയത്...തന്റെ പെണ്മക്കളെപോലെ ഒരു കുട്ടിയാണെന്നുള്ള കാര്യം വിസ്മരിച്ചുകൊണ്ട് എത്രമാത്രം കഷ്ടപെടുതിയിരിക്കുന്നു രാജിയെ ..... ഒരു ജന്മം കഴിഞ്ഞുകൂടാന് ഇഷ്ടംപോലെ സ്വതുണ്ട് എന്നിട്ടും താന് എന്തിനുവേണ്ടി ആണ് അവളെ ദ്രോഹിച്ചത് .... ആ അമ്മയുടെ മനസ്സ് കുറ്റബോധം കൊണ്ട് നീറാൻ തുടങ്ങി.,

അവര് രാജിയുടെ അടിതെത്തി.. രാജിയുടെ മുഖം കൈകുമ്പിളില് എടുത്തുകൊണ്ടു ഒത്തിരി കുറ്റബോധത്തോടെ പറഞ്ഞു...

മോളെ ഈ അമ്മയോട് ക്ഷമിക്കു ..... ഇനി ഒരിക്കലും അമ്മ മോളെ വിഷമിപ്പിക്കില്ല ..... ഇന്നുമുതല് അമ്മയുടെ സ്വന്തം മോള് തന്നെയാ ...

ഒരു ചെറുപരിഭവത്തിലൂടെയുള്ള സന്തോഷം കൊണ്ട് നിറഞ്ഞ രാജിയുടെ കണ്ണുകൾ തുടച്ചുകൊണ്ട് ആ അമ്മ അവളെ ചേര്ത്തു പിടിച്ചു.. ഇനിയൊരിക്കലും സങ്കടപെടുതില്ലെന്നു പറയുന്നതുപോലെ ...

പശ്ചാത്താപത്തിന്റെ ഉമിതീയില് വെന്തുരുകിയ ആ അമ്മയുടെ മനസ്സ് മാതൃസ്നേഹത്തിന്റെ അമൂർത്ത ഭാവം കൈകൊള്ളുകയായിരുന്നു ....ഒരു പുനർജനി പോലെ........


Suresh Nair's Other Creations സുരേഷ് നായരുടെ മറ്റു കൃതികള്‍

0 comments :

Post a Comment

Related Posts Plugin for Sruthilayam ശ്രുതിലയം അക്ഷരം അഗ്നിയാണ്. അക്ഷരം ആയുധമാണ് Sruthilayam ശ്രുതിലയം അക്ഷരം അഗ്നിയാണ്. അക്ഷരം ആയുധമാണ് - കഥകള്‍ കവിതകള്‍ നിരൂപങ്ങള്‍ ആശംസകള്‍ - Poem Story Criticism Greetings from Sruthilayam Facebook Group WordPress, Blogger...

Follow Us


SocialTwist Tell-a-Friend