Thursday, November 27, 2014

on Leave a Comment

Punarjani പുനർജനി Malayalam Short Story കഥ by Suresh Nair സുരേഷ് നായര്‍

എന്താ ഗോപാ സമയം എഴുമണി കഴിഞ്ഞല്ലോ ... ..വീട്ടിലേക്കു പോകാറായില്ലേ...?

പിയൂണ്‍ ശങ്കരേട്ടൻറെ ശബ്ദം ഗോപനെ ചിന്തയിൽ നിന്നുണർത്തി ....ഓരോന്നും ആലോചിച്ചിട്ട് സമയം പോയതറിഞ്ഞില്ല ... മനസ്സ് വല്ലാതെ കലുഷിതമായിരിക്കുന്നു ... ഒന്നിലും ശ്രദ്ധിക്കാൻ കഴിയുന്നില്ല ...... അക്ഷമയോടെ തന്റെ നേരെ നോക്കുന്ന ശങ്കരേട്ടനെ കണ്ടു ഗോപൻ പെട്ടെന്ന് ഫയലുകൾ അടുക്കിവെച്ചു.... ഇനിയെല്ലാം നാളെ....തന്നെ പോലെ അല്ല ശങ്കരേട്ടനെ കാത്തു വീട്ടില് ഭാര്യയും മക്കളും ഉണ്ട് ....താനും കൂടി ഇറങ്ങി ഓഫീസും പൂട്ടി വേണം ശങ്കരേട്ടനു വീട്ടില് പോകാൻ ....

ശങ്കരേട്ടൻ ഓഫീസിലെ വെറുമൊരു പിയൂണ്‍ ആണെങ്കിലും എല്ലാവരും ആദരിക്കുന്ന വ്യക്തിത്വം.... എല്ലാവർക്കും നല്ലത് മാത്രം വരണമെന്നാഗ്രഹിക്കുന്ന മനുഷ്യൻ ...

ഫയലുകളെല്ലാം അടുക്കിവെച്ചു ഗോപനെഴുന്നേറ്റു... കാബിനിലെ ലൈറ്റുകളെല്ലാം അണച്ച് കടന്നപ്പോഴേക്കും ശങ്കരേട്ടന് പോകാനുള്ള തായാറെടുപ്പ് നടത്തിയിരുന്നു ...ഓഫീസു പൂട്ടി ഇരുവരും ഒരുമിച്ചു പുറത്തിറങ്ങി...

പുറത്തു പാർക്കിംഗ് ഏരിയയിൽ വിശ്രമിക്കുന്ന തന്റെ ബൈക്കിനടുതെതിയ ഗോപനെ നോക്കി ശങ്കരേട്ടൻ പറഞ്ഞു

മോനെ.....ഞാൻ ഇന്ന് രാജിമോളെ കണ്ടിരുന്നു .അവളുടെ അച്ഛന് തീരെ സുഖമില്ലതായിരിക്കുന്നു . ആശുപത്രിയില് കൊണ്ടുപോകാന് പോലും ആരുമില്ലാതെ വല്ലാതെ കഷ്ടപെടുകയാണവര് ..പാവം വല്ലാതെ സങ്കടപെടുന്നു. എത്ര നാളായി അവൾ അവിടെ... ഒന്നുകൂടി ആലോചിക്ക് ...
ഒരു പാവം കുട്ടിയുടെ ശാപം ഏറ്റു വാങ്ങാതെ ഉചിതമായ തീരുമാനമെടുക്കുക.... ഇനിയും സമയം വൈകിയിട്ടില്ല...നഷ്ടപെടാൻ നിനക്ക് മാത്രമായിരിക്കും... മറ്റുള്ളവര് വെറും കാഴ്ചകാരും. ..

ശങ്കരേട്ടൻ തുടർന്നു ...

"അമ്മയെയും പെങ്ങന്മാരേയും സ്നേഹിക്കരുത് എന്നല്ല ... പക്ഷെ ഒരു കറവമാടിനെപോലെ ആകരുത് നിന്റെ ജീവിതം...എന്നാണു പറഞ്ഞത്... എന്നും നിന്റെ സുഖത്തിലും ദുഖത്തിലും കൂടെ നില്ക്കാന് നീ താലികെട്ടിയ നിന്റെ രാജി മാത്രമേ കാണുകയുള്ളൂ ..."

ശങ്കരേട്ടൻറെ ഉപദേശത്തിനു ചെറിയൊരു പുഞ്ചിരിയും സമ്മാനിച്ചുകൊണ്ട് ഗോപന് ബൈക്കോടിച്ചു കൊണ്ട് വീട്ടിലേക്കു യാത്രയായി .. കണ്മുന്നില് നിന്ന് മറയുവോളം ഗോപനെ നോക്കിനിന്ന ശങ്കരേട്ടനും തന്റെ വീട്ടിലേക്കു യാത്രയായി

വീട്ടിലെത്തിയ ഗോപൻ വീണ്ടും ചഞ്ചലചിത്തനായി.... കഠിനമായ ഏകാന്തത.... എല്ലായിടത്തും തികച്ചും ഒറ്റപെട്ടതുപോലെ ....വികലമായ ചിന്തകൾ മനസ്സിനെ വേട്ടയാടുന്നു... രാജിയുടെ അഭാവത്തില് പത്തു ദിവസം പിന്നിട്ടിരിക്കുന്നു... അമ്മ അനിയത്തിയുടെ വീട്ടിലേക്കു പോയിട്ട് ഒരാഴ്ചയായിരിക്കുന്നു....നാളെ ഞായറാഴ്ച.. ചേച്ചിയുടെയും അനുജത്തിയുടെയും കൂടെയുള്ള സുഖവാസതിനുശേഷം നാളെ അമ്മ വരും... കൂടെ അവരും കാണും സ്ത്രീധന ബാക്കി കിട്ടിയോ എന്നറിയാൻ ...

അമ്മയും ഒരു അനുജത്തിയും ചേച്ചിയും അടങ്ങുന്നതാണ് ഗോപന്റെ കുടുംബം.... നല്ല കനത്ത സമ്പളം വാങ്ങുന്ന ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥനാണ് ഗോപൻ ... ചേച്ചിയെയും അനുജത്തിയും കല്യാണം കഴിപ്പിച്ചുവിട്ടു ഗോപന് തന്റെ ജീവിത സഖിയായി തിരഞ്ഞെടുത്തതാണ് രാജിയെ.. ഒരു ഗ്രാമീണതയുടെ സൌന്ദര്യമുള്ള നാടൻ പെണ്‍കുട്ടി .... സ്നേഹിക്കാൻ മാത്രമറിയാവുന്നവള്... രാജിയെ ഗോപന് ഒരുപാടിഷ്ടമായെങ്കിലും അവരുടെ സാമ്പത്തികസ്ഥിതി മോശമെന്നു കണ്ട ഗോപന്റെ അമ്മയും പെങ്ങന്മാരും അവന്റെ ഇഷ്ടത്തെ നിശിതമായി എതിർത്തു ..പക്ഷെ ഗോപൻ തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു .. അവസാനം അവന്റെ ഇഷ്ടത്തിന് വഴങ്ങിയ അവര് പക്ഷെ രാജിയുടെ കുടുംബത്തോട് ചോദിച്ചത് താങ്ങാനാവാത്ത സ്ത്രീധനമായിരുന്നു. എങ്കിലും മോളുടെ നല്ല ഭാവിയെ കരുതി വെറുമൊരു ബസ് ഡ്രൈവറായ രാജിയുടെ അച്ഛൻ അവര് ചോദിച്ച സ്ത്രീധനം കുറച്ചു സമയത്തിനകം നല്കാമെന്ന ഉപാധിയില് കല്യാണം നടന്നു

പക്ഷെ അവധികള് പലതുകഴിഞ്ഞിട്ടും രാജിയുടെ അച്ഛന് പറഞ്ഞ സ്ത്രീധനം നല്കുവാനായില്ല ... അതിന്റെ പേരില് വീട്ടില് അസ്വാരസ്യങ്ങള് ഉടലെടുത്തു... ജോലി കഴിഞ്ഞു വീട്ടിലെത്തിയാല് മനസമാധാനം നഷ്ടപെടുന്ന അന്തരീക്ഷമായിരിക്കും കാത്തിരിക്കുന്നുണ്ടാകുക..

ഒരിക്കല് ചേച്ചി പറഞ്ഞത് ഇന്നും കാതില് മുഴങ്ങുന്നു ...

"ഇവനൊരു പെണ്‍കോന്തനാ അമ്മെ... അതുകൊണ്ടല്ലേ അവളിപ്പോഴും ഇവിടെ തന്നെ കഴിയുന്നത്..... അവളെ അവളുടെ വീട്ടിലേക്ക് പറഞ്ഞുവിട്ടാൽ ഒരാഴ്ചക്കുള്ളില് താനേ വന്നോളും തരാനുള്ള ബാക്കി സ്വർണ്ണവും പണവുമെല്ലം ....'

പിന്നീടു അമ്മയുടെ വക...

"എടാ നാണമുണ്ടോടാ നിനക്ക് .... എത്ര നാളായെടാ തരാനുള്ള ബാകി പണവും സ്വര്ണ്ണവും തരാതെ കളിപ്പിക്കുന്നു ....നീ അവളെ അവളുടെ വീട്ടില് കൊണ്ടുപോയി വിട് .. അപ്പോഴേ അവർക്ക് തരാനുള്ള ഒരു ചൂടു ണ്ടാകൂ ."
തീരെ സമാധാനം നഷ്ടപെടുന്ന അവസ്ഥ വന്നപ്പോൾ ഒടുവിൽ താൻ അതുതന്നെ ചെയ്തു ...

അവളുടെ വീട്ടിലെത്തിയപ്പോൾ ഒന്നും മിണ്ടാതെ അകത്തേക്ക് കയറിപോയ അവള് താന് തിരിച്ചിറങ്ങിയപ്പോള് പാളികളില്ലാത്ത ജനലിലൂടെ മുഖത്തൊരു കണ്ണീർചാലുമായി തന്നെ നിർ നിമേഷം നോക്കി നിന്ന അവളുടെ മുഖം മനസ്സിലൊരു വിങ്ങലായ് പടർന്നു കയറി .... തനിക്കു മാത്രം ഉറക്കം നഷ്ടപെട്ട യാമങ്ങള്...

ആർക്ക് വേണ്ടിയാണ് താൻ അവളെ ഉപേക്ഷിച്ചത് .... ? എന്തിനുവേണ്ടി ? അമ്മയുടെയും പെങ്ങന്മാരുടെയും വാക്കുകള്‍ക്കൊത്തു താൻ തുള്ളുകയായിരുന്നു.... അവർ തന്നോട് സ്നേഹമുണ്ടോ...? ഇല്ലെന്നു ഇപ്പോള് തോന്നുന്നു.... ശമ്പളം കിട്ടിയ അന്ന് തന്റെ കയ്യില് നിന്ന് കനത്ത ഒരു തുകയും വാങ്ങി പോയതാണ് അമ്മ അനിയത്തിയുടെ വീട്ടിലേക്കും ചേച്ചിയുടെ വീട്ടിലെക്കുമായ്... ഒരാഴ്ചയായിരിക്കുന്നു... താനിവിടെ ഭക്ഷണം കഴിച്ചോ എങ്ങിനെ ആണ് കഴിയുന്നത് എന്നൊന്നും ആരും .അറിയുന്നില്ല. ...

ശങ്കരെട്ടന്റെ വാക്കുകള് ശരിയാണ് നഷ്ടപെടാൻ തനിക്കു മാത്രം..അല്ലെങ്കിലും എന്തിനു വേണ്ടി ആയിരുന്നു എല്ലാം....കുറെയേറെ പണത്തിനോ ..? അതോ സ്വർണ്ണത്തിനോ ..? ഓരോ നിമിഷവും നഷ്ടമാകുന്നതു തന്റെ ജീവിതമാണ് .. ചേച്ചിയുടെയും അനുജതിയുടെയും ജീവിതം സുഗമമായി മുന്നോട്ടു പോകുന്നു ..? തന്റെയോ..?

താന് ചെയ്തത് വലിയ ഒരു തെറ്റ് തന്നെ .... ആ തെറ്റ് നാളെ തന്നെ തിരുത്തണം... രാജിയെ തിരിച്ചു കൊണ്ട് വരണം.... തനിക്കു വേണ്ടത് തന്നെ സ്നേഹിക്കുന്ന ജീവിത സഖിയെ ആണ്... അല്ലാതെ പൊന്നും പണവുമൊന്നും അല്ല .... ജീവികാനുള്ളതും അതിലപ്പുറവും താന് സമ്പാദിക്കുന്നുണ്ട്...ഇനി ഒരിക്കലും രാജിയെ വിഷമിപ്പിക്കില്ല ....പാവം രാജിക്ക് എല്ലാവരെയും സ്നേഹിക്കാന് മാത്രമേ അറിയുകയുള്ളൂ ഇനി അവളെ കുത്തിനോവിക്കാൻ ആരേയും സമ്മതിക്കില്ല ... ചേച്ചിക്കും അനുജതിക്കുമെല്ലം വാരികോരി കൊടുത്തിട്ടുണ്ട് .... ഇനി ഒരു ഉറച്ച തീരുമാനം എടുക്കണം....

പിറ്റേന് രാജിയുടെ വീട്ടിലെത്തിയ ഗോപൻ കണ്ടു അവശനായ അച്ഛനെ താങ്ങിയെഴു നെല്പ്പിച്ചു ഭക്ഷണം കൊടുക്കുന്ന രാജിയെ... ഐസ്വര്യദീപ്തമായിരുന്ന എ മുഖം വല്ലാതെ വാടിപോയിരിക്കുന്നു ... എങ്കിലും ആ കണ്ണുകൾ ഒരു പ്രത്യേക വശ്യത.... ഗോപന്റെ മനസ്സില് ഒരു കടലോളം സ്നേഹം അലയടിച്ചു .

പെട്ടെന്ന് ഗോപനെ കണ്ടപ്പോള്‍ രാജിയുടെ അച്ഛനും അമ്മയുമൊക്കെ വല്ലാതെ അമ്പരന്നു .... മനസ്സില് ഭയം കൂടുകൂട്ടി ... കൊടുക്കാനുള്ള സ്ത്രീധനം ചോദിച്ചുകൊണ്ടുള്ള വരവാണോ ..? നിസ്സഹായതയുടെ നീർച്ചുഴിയിലകപെട്ട അവരുടെ കാതുകളിലേക്ക് ഗോപൻറെ കുറ്റബോധതിന്റെ ലാഞ്ചനയുള്ള സ്വരം മുഴങ്ങി ....

"അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം..... ഞാന് രാജിയെ കൊണ്ടുപോകാനാണ് വന്നത് .... എനിക്ക് സ്വർണ്ണവും പണവുമൊന്നും വേണ്ട....അതിനുവേണ്ടി ഇനി ആരും നിങ്ങളെ ബുദ്ധിമുട്ടിക്കുകയില്ല.... എന്റെ രാജി ഇല്ലാതെ ഒരു ദിവസം പോലും എനിക്ക് മുന്നോട്ടു പോകാൻ കഴിയില്ല...അവളെ ഞാന് കൊണ്ട് പോവുകയാണ്"

ഗോപന്റെ പെട്ടെന്നുള്ള മനം മാറ്റത്തില് ഒന്നമ്പരന്നെങ്കിലും യാതാർഥ്യം മനസ്സിലാക്കിയപ്പോൾ അവർക്ക് സന്തോഷമായി ...ഉരുണ്ടുകൂടിയ കണ്ണുനീര് തുടച്ചുകൊണ്ട് രാജിയുടെ അമ്മ പറഞ്ഞു

"എന്റെ മോനെ ദൈവം അനുഗ്രഹിക്കട്ടെ.... അച്ഛന് കുറച്ചു പൈസ കിട്ടും മോനെ അടുതുതന്നെ... അത് കിട്ടിയാല് മോന് തരാനുള്ളത് കുറെയൊക്കെ തന്നു തീർക്കാം ..".

അതുകേട്ട ഗോപൻ പറഞ്ഞു...

വേണ്ടമ്മേ ഇനി സ്ത്രീധനം എന്ന പേരില് ഒരു രൂപ പോലും എനിക്ക് വേണ്ട ... . രാജി ...ഇവള് തന്നെ ആണ് എന്റെ ധനം അത് ഞാന് തിരിച്ചറിയാൻ വൈകിപോയി .... എന്റെ അമ്മയോടുള്ള സ്നേഹം എന്നെ വലിയ ഒരു തെറ്റിലേക്കാണ് നയിച്ചത് ... എന്റെ രാജിയെ സ്നേഹിച്ചുകൊണ്ട് ..ഇന്ന് മുതല് ഞാന് ആ തെറ്റ് തിരുത്തുകയാ .ഒപ്പം എന്റെ അമ്മയുടെയും...
രാജിയെയും കൂട്ടി ഇറങ്ങാൻ നേരം കുറച്ചു നോട്ടുകൾ മടക്കി ആ അമ്മയുടെ കയ്യില് വെച്ചുകൊണ്ട് ഗോപൻ പറഞ്ഞു...

"അമ്മെ എല്ലാ തെറ്റിനും എന്നോട് ക്ഷമിക്കണം.... അമ്മയുടെ മരുമകനല്ല ...മകനായിട്ടു തന്നെ എന്നെ കാണണം .... ഇനി എന്ത് ആവശ്യമുന്ടെങ്കിലും എന്നോട് പറയണം.....

അപ്പോൾ അവരുടെ കണ്ണുകളിൽ ഉരുണ്ടുകൂടിയ കണ്ണുനീരിനു ഒരു സന്തോഷത്തിന്റെ തിളക്കമുണ്ടായിരുന്നു...

രാജിയോടോത്തു വീട്ടിലെത്തിയ ഗോപൻ കണ്ടത് ദേഷ്യം പൂണ്ടിരിക്കുന്ന അമ്മയെയും പെങ്ങന്മാരെയുമാണ്... താന് രാജിയെ കൂട്ടികൊണ്ടുവരാൻ പോകുന്ന കാര്യം അടുത്ത വീട്ടിലെ അമ്മിണി ചേച്ചിയോടു പറഞ്ഞിരുന്നു.. അവര് പൊടിപ്പും തൊങ്ങലും കുറച്ചു ഏഷണിയും കൂട്ടി പറഞ്ഞിരിക്കും .... അതിനു വേണ്ടി തന്നെയാണല്ലോ താന് അവരോടു പറഞ്ഞതും...

ഗോപനെ കണ്ടതും അവന്റെ അമ്മ ചാടി എഴുനേറ്റുകൊണ്ട് ചോദിച്ചു..
"എടാ നീ ഇത് എന്ത് ഭാവിച്ചാണ് .... തരാനുള്ളതൊന്നും വാങ്ങാതെ അവളെയും എഴുന്നള്ളിച്ചുകൊണ്ട് വന്നിരിക്കുന്നു നാണമില്ലാതവൻ "
അടുത്തത് ചേച്ചിയുടെ വകയായിരുന്നു

'നീ ഇത്ര വലിയ പെണ്‍കോന്തനായിപോയല്ലോട.... അവളൊന്നു ചിരിച്ചു കാണിച്ചപ്പോൾ നീയങ്ങ് മയങ്ങിപോയി ...കുറച്ചൊക്കെ നാണം വേണമെടാ...".
അപ്പോള് ഒന്നും മിണ്ടാതിരിക്കുന്ന അനിയതിയോടായി ഗോപന് ചോദിച്ചു
നിനക്കൊനും പറയാനില്ലേടി ..... പെണ്കോന്തനെന്നോ ... ആണും പെണ്ണും കേട്ടവനെന്നോ ഒന്നും ...?..

ഗോപൻ തുടർന്നു ...

ഒന്ന് ഞാൻ പറഞ്ഞേക്കാം ഇനി ഇന്നുമുതല് രാജി ഇവിടെ താമസിക്കും... എന്റെ ഭാര്യയായിട്ടു തന്നെ ... വഴക്ക് കൂടാനായിട്ടു ഒരാളും ഇങ്ങോട്ട് വന്നേക്കരുത് .... ഇവള് എന്റെ ഭാര്യ ആണ് ഇവളിവിടെയാണ് താമസിക്കേണ്ടത് ...

പെട്ടെന്നുള്ള ഗോപന്റെ മനം മാറ്റത്തില് അമ്പരന്നുപോയ അവരെ നോക്കി ഗോപൻ തുടന്നു....

നിങ്ങൾക്ക് തരാനുള്ളതെല്ലാം തന്നു കഴിഞ്ഞു... ഇപ്പോഴും എല്ലാ മാസവും എന്റെ ശമ്പളലത്തില് നിന്ന് ഒരുപങ്ക് അമ്മ നിങ്ങളിലെക്കെതിക്കുന്നുമുണ്ട് ... എന്നിട്ടും നിങ്ങളെ പോലെ ഉള്ള ഒരു സ്ത്രീ ആയിട്ടുകൂടി രാജിയെ നിങ്ങളെന്തിനാണ് മാനസ്സികമായി ഉപദ്രവിക്കുന്നത് .... അവൾക്കവകാശപെട്ട പണമാണ് അമ്മ നിങ്ങൾക്ക് കൊണ്ട് വന്നു തരുന്നത് ... ഒരു പ്രാവശ്യം പോലും അവള് ഒരു പരാതിയും നിങ്ങളെ പറ്റി പറഞ്ഞിട്ടില്ല .... ഇനിയും നിങ്ങള്ക്ക് ഇവളെ സ്നേഹിക്കാൻ കഴിയില്ലെങ്കില് ഇങ്ങോട്ട് വരണമെന്നില്ല ഇതെന്റെ ഉറച്ച തീരുമാനമാണ് ....എല്ലാവരുമായും സ്നേഹത്തോടെ കഴിയാനാണെങ്കില് മാത്രം ഇങ്ങോട്ട് വരാം...

ഇനി അമ്മയോട് .... അമ്മക്ക് പെണ്മക്കളോട് എന്നേക്കാള് സ്നേഹമുണ്ടായിരിക്കാം.. എനിക്ക് വിഷമമില്ല .. അമ്മ ഒന്നോർക്കണം അമ്മയുടെ പെണ്മക്കളെ പോലെ തന്നെ ഒരമ്മയുടെ മോളാണ് രാജിയും .... സ്ത്രീധനം കുറഞ്ഞുപോയി എന്നതിന്റെ പേരില് അമ്മ എത്രമാത്രം ദ്രോഹിച്ചിട്ടുണ്ട് ...എത്രമാത്രം അപമാനിചിട്ടുണ്ട് .... എന്തിനാണ് കണ്ണീരിൽ കുതിർന്ന സ്വത്തു സമ്പാദിക്കുന്നത് .... ഇനിയും അമ്മ തെറ്റ് തിരിച്ചറിയുക തന്നെ വേണം.... അമ്മയുടെ മോളായി ഇവളെ കാണണം...ഈ വീട്ടില് സ്നേഹവും സമാധാനവും സന്തോഷവും കളിയാടണം ... നാളെ അമ്മയൊന്നു അവശയായാല് എന്റെ രാജിയെ ഉണ്ടാകുകയുള്ളൂ അമ്മയെ ശുശ്രുഷിക്കാന് ..... അമ്മയുടെ പെണ്മക്കള് അപ്പോള് ഒരു സന്ദർശകർ മാത്രമായിരിക്കും... അമ്മ അതോർതാൽ നന്ന്... ഇനിയും സ്ത്രീധനത്തിന്റെ പേരില് രാജിയെ ദ്രോഹിക്കാൻ ഞാന് സമ്മതിക്കില്ല.... എന്റെ ധനം രാജിയാണ് ... അതുതന്നെ ആയിരിക്കണം അമ്മയുടെയും ......

ഉറച്ച ശബ്ധത്തില് ഗോപന് പറഞ്ഞു നിര്ത്തി ...

ഗോപന്റെ വാക്കുകൾ കേട്ട് കലിതുള്ളികൊണ്ട് ചേച്ചിയും അനുജത്തിയും ഇറങ്ങിപോയി... ഗോപൻ രാജിയും കൂട്ടി വീടിനുള്ളിലേക്കും...

മുറ്റത്ത് ഒരു അനാഥയെ പോലെ നിന്ന ആ അമ്മയെ മകന്റെ വാക്കുകൾ വല്ലതൊന്നുലച്ചു... ശരിയാണ് താൻ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട് രാജിയെ....തെറ്റുകള് ഒരുപാട് ചെയ്തിരിക്കുന്നു.... വീട്ടിൽ നിന്ന് ഇറങ്ങിയ പെണ്മക്കൾക്ക് പകരമായി മകന്റെ ഭാര്യയെ കാണേണ്ട താന് എന്തൊക്കെയാണ് ചെയ്തു കൂട്ടിയത്...തന്റെ പെണ്മക്കളെപോലെ ഒരു കുട്ടിയാണെന്നുള്ള കാര്യം വിസ്മരിച്ചുകൊണ്ട് എത്രമാത്രം കഷ്ടപെടുതിയിരിക്കുന്നു രാജിയെ ..... ഒരു ജന്മം കഴിഞ്ഞുകൂടാന് ഇഷ്ടംപോലെ സ്വതുണ്ട് എന്നിട്ടും താന് എന്തിനുവേണ്ടി ആണ് അവളെ ദ്രോഹിച്ചത് .... ആ അമ്മയുടെ മനസ്സ് കുറ്റബോധം കൊണ്ട് നീറാൻ തുടങ്ങി.,

അവര് രാജിയുടെ അടിതെത്തി.. രാജിയുടെ മുഖം കൈകുമ്പിളില് എടുത്തുകൊണ്ടു ഒത്തിരി കുറ്റബോധത്തോടെ പറഞ്ഞു...

മോളെ ഈ അമ്മയോട് ക്ഷമിക്കു ..... ഇനി ഒരിക്കലും അമ്മ മോളെ വിഷമിപ്പിക്കില്ല ..... ഇന്നുമുതല് അമ്മയുടെ സ്വന്തം മോള് തന്നെയാ ...

ഒരു ചെറുപരിഭവത്തിലൂടെയുള്ള സന്തോഷം കൊണ്ട് നിറഞ്ഞ രാജിയുടെ കണ്ണുകൾ തുടച്ചുകൊണ്ട് ആ അമ്മ അവളെ ചേര്ത്തു പിടിച്ചു.. ഇനിയൊരിക്കലും സങ്കടപെടുതില്ലെന്നു പറയുന്നതുപോലെ ...

പശ്ചാത്താപത്തിന്റെ ഉമിതീയില് വെന്തുരുകിയ ആ അമ്മയുടെ മനസ്സ് മാതൃസ്നേഹത്തിന്റെ അമൂർത്ത ഭാവം കൈകൊള്ളുകയായിരുന്നു ....ഒരു പുനർജനി പോലെ........


Suresh Nair's Other Creations സുരേഷ് നായരുടെ മറ്റു കൃതികള്‍

Monday, November 24, 2014

on Leave a Comment

Ormapeduthal Poem ഓര്‍മ്മപ്പെടുത്തല്‍ കവിത by Deepa Mohan ദീപ മോഹന്‍

തരളമൊരു തളിര്‍ ലതയായെന്നകതാരില്‍
നിന്റെയോര്‍മ്മകള്‍ തളിര്‍ത്തു നിന്നീടവേ
മറവിതന്‍ ചെപ്പില്‍ ഒളിപ്പിക്കുവതെങ്ങനെ
പ്രിയമാര്‍ന്ന നമ്മുടെ പ്രണയ കാലത്തെ ഞാന്‍


ചിന്തയില്‍ അന്തി തിരി പോലെ കത്തുന്ന
മധുര കിനാക്കള്‍ തന്‍ ചാരത്തിരിക്കവേ
ഇരുളിന്‍മറയാല്‍ മറയ്ക്കുവതെങ്ങനെ
മിഴിവാര്‍ന്ന നമ്മുടെ പ്രണയകാലത്തിനെ

എന്നിലായ് മാത്രമീ നിറവെന്നറിഞ്ഞിട്ടും
മരുപ്പച്ചയാണ്‌ നിന്‍ മനമെന്നറിഞ്ഞിട്ടും
എന്റെ കിനാക്കൾ തന്‍ മുറ്റത്തായിപ്പോഴും
പൂത്തു നില്ക്കുന്നു നീ ഒരു രാജ മല്ലിയായ്

അകലെ സ്വസ്ഥമായ്‌ നീ ഇരിക്കുന്നു നിന്‍
പ്രിയ മുഖങ്ങളൊത്തരുമയാം നിന്‍ കൂട്ടില്‍
ഇവിടെ വേപഥുവാര്‍ന്നൊരു കനവുമായ്
കാത്തിരിപ്പൂ നിന്‍ പ്രിയമാം സ്വരത്തെ ഞാന്‍

അറിക പ്രിയതമാ ഒരു മാത്രയെങ്കിലും
അലയടിക്കുമെന്‍ സ്നേഹ കടലിനെ
അതില്‍ ഉദിച്ചങ്ങൊളിക്കുന്ന സൂര്യനായ്
വരിക കാത്തിരിക്കുന്നു ഞാനിപ്പോഴുംOther Creativity by Deepa MohanSunday, November 23, 2014

on Leave a Comment

Shree Shakthikaranam Story സ്ത്രീ ശാക്തീകരണം കഥ by Suresh Nair സുരേഷ് നായര്‍

ടി വി യില് നടക്കുന്ന ഷോയില് കണ്ണും നട്ടിരിക്കയാണ് രഘുനന്ദന്റെ ഭാര്യ രാജി. ആ ഷോയിലെ കഥാതന്ദു എന്തെന്നറിയാന് രഘുവും ഒന്ന് മിഴിപായിച്ചു ടി വി യിലേക്ക് ... അതുകണ്ട രാജി പറഞ്ഞു

'നോക്ക് രഘുവേട്ട ഇത് സ്ത്രീ ശാക്തീകരണം എന്ന വിഷയത്തെ പറ്റി പ്രശസ്തരായ സ്ത്രീ രത്നങ്ങള് അവതരിപ്പിക്കുന്ന പരിപാടിയാണ് ...
അതുകണ്ടോ അതില് പങ്കെടുക്കുന്നത് സാമൂഹ്യ പ്രവര്ത്തകയായ അന്നാമ ചാക്കോ, അഡ്വക്കേറ്റ് രാജില മേഡം പിന്നെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്ത്തിക്കുന്ന സുലേഖ ബീവിയും...'

കുറച്ചൊരു പരിഹാസത്തോടെ അവള് തുടർന്നു ......
"വീടുകളിൽ സ്ത്രീകളനുഭവിക്കുന്ന കഷ്ടപാടുകളാണ് വിഷയം ... വെറും അടുക്കളയിലും വീട്ടിലെ ചുവരുകൾക്കുള്ളിലും ഒതുങ്ങുന്ന എന്നെപോലുള്ള സ്ത്രീകളെ ഉത്ബോധിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രോഗ്രാമാണിത് ... വീടുകളില് ഒതുങ്ങിപോകുന്ന ഞങ്ങളെപോലുള്ളവരുടെ വിഷമങ്ങളൊന്നും
നിങ്ങൾക്കറിയേണ്ടല്ലോ..?."

അതുകേട്ട രഘു ചോദിച്ചു

"എന്റെ രാജി നിനക്കിവരെ ഒക്കെ നേരിട്ടറിയാമോ..? ഇവരെയൊക്കെ കണ്ടിട്ടുണ്ടോ നീ ...? ഇതന്റെ ഒക്കെ മറുപുറം എന്തെന്നറിയാമോ..? സത്യത്തില് ഇവരൊക്കെ ഇങ്ങിനെ ഷോകള് മാത്രമേ നടത്തുന്നുള്ളൂ... അല്ലാതെ ശരിയായ രീതിയില് ആർക്കുവേണ്ടിയും ഒന്നും ചെയ്യുന്നില്ല.. ഇവരൊക്കെ അവരുടെ സ്വാർഥ ലാഭത്തിനു വേണ്ടി മാത്രം പ്രവർത്തിക്കുന്നവരാണ് ...സമൂഹത്തില് പലകാര്യങ്ങളിലും അവശതയനുഭവിക്കുന്ന എത്രയോ സ്ത്രീകളുണ്ട്....അവരുടെ നേരെ ഒന്ന് തിരിഞ്ഞു നോക്കുകപോലും ഇല്ല ഈ കൊച്ചമ്മമാര്. അതൊക്കെ പോകട്ടെ സ്ത്രീ ശാക്തീകരണം എന്നതുകൊണ്ട് നിങ്ങളുദ്ദേശിക്കുന്നതെന്താണ്...?

വീണ്ടും രഘു തുടർന്നു ..

ഒരു കാര്യം ചോദിച്ചോട്ടെ...? പുറത്തുപോയി ജോലി ചെയ്യുന്ന ഞങ്ങളെ പറ്റി നിങ്ങളാലോചിച്ചിട്ടുണ്ടോ ...? അവിടെ ഇരിക്കുന്ന ആ അന്നാമാ ചാക്കോ ഇല്ലേ അവരുടെ ഭർത്താ വ് ഒരു കോണ്‍ട്രാക്ടരാണ് ..... പൊള്ളുന്ന വെയിലിലും ഓടിനടന്നു ജോലി ചെയ്യിച്ചു കുടുംബം നോക്കുകയാണദ്ധേഹം
അതൊക്കെ പോകട്ടെ നമ്മുടെ കാര്യം തന്നെ എടുക്കാം. ഇന്നലെ നീ ഫോണ്‍ ചെയ്തു എന്നോട് പറഞ്ഞതെന്താ...? കൂളർ കേടുവന്നു ഫാനിനാണെങ്കില് ഭയങ്കര ചൂട്കാറ്റും എന്ന്... അപ്പോള് സമയം ഉച്ചക്ക് രണ്ടു മണി.. ആ സമയത്ത് ഞാനെവിടാണ് എന്ന് നീ ഓർത്തോ ,,? . ഒരു മാർക്ക റ്റിംഗ് എക്സിക്യൂട്ടീവ് ആയ ഞാന് ആ കൊടും ചൂടതു ബൈക്കില് പാർട്ടി വിസിറ്റ് നടത്തുകയായിരുന്നു ... രാവിലെ മുതല് ഉള്ള അലചിലാണ് അതെന്തിനുവേണ്ടിയാണ് നിനക്കും മോൾക്കും ജീവിതത്തില് ഒരു കുറവും വരാതിരിക്കാൻ അല്ലെ ....എന്നിട്ട് വൈകിട്ട് നീ എത്രമണിക്കാണ് ഭക്ഷണം കഴിച്ചത്... എട്ടരക്ക് അല്ലെ...? ഞാനോ പത്തുമണിക്കും... കാരണമെന്താ ഓഫീസില് നിന്ന് വന്നയുടനെ ഞാന് കൂളർ ശരിയാക്കികൊണ്ടുവരാൻ പോയി അതും നിങ്ങൾക്ക് വേണ്ടി അല്ലെ...

ഇനി നമ്മുടെ കാര്യം പോട്ടെ ... അപ്പുറത്തെ കുമാരേട്ടനോ...? തെങ്ങ് കയറ്റ തൊഴിലാളിയായ അദ്ദേഹം ദിവസവും സ്വന്തം ജീവൻ അപായപെടുത്തിയല്ലേ ജോലി ചെയ്യുന്നത് ... ഒരു ചെറിയ പിഴവ് മതി അദ്ധേഹത്തിന്റെ ജീവിതം തീരാന് ... പക്ഷെ ഭാര്യയേയും മക്കളെയും സംരക്ഷിക്കുന്നതിനും അവർക്കൊരു കുറവും വരാതിരിക്കുന്നതിനും വേണ്ടി അദ്ദേഹം ആ അപകടത്തിലൂടെ നടന്നു നീങ്ങുന്നു

ഉറ്റവരെയും ഉടയവരെയും വിട്ടു ഉറ്റവർക്കു വേണ്ടി ജീവിതത്തിലെ എല്ലാ സുഖങ്ങല്ക്കും ഒരു തടവറ തീർത്തു മണനലാരണ്യങ്ങളില് ജോലി ചെയ്യുന്ന എത്രയെത്ര മനുഷ്യ ജന്മങ്ങള് ... അവരാരും തങ്ങളുടെ സുഖ സൗകര്യങ്ങളനേവ്ഷിച്ചു പോകുന്നവരല്ല മറിച്ചു തങ്ങളുടെ പ്രിയപെട്ടവർക്ക് വേണ്ടി സ്വയം എരിഞ്ഞടങ്ങുകയാണ് ...

നിങ്ങളൊന്നു മനസ്സിലാക്കണം... രഘു തുടർന്നു ...

സ്ത്രീകള് തന്നെയാണ് സ്ത്രീകളുടെ ഏറ്റവും വലിയ ശത്രുക്കള് ...മരുമകളെ സ്വന്തം മകളെ പോലെ കാണാൻ കഴിയാത്ത അമ്മായിഅമ്മമാര്, സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില് മരുമകളെ ശത്രുവായി കാണുന്നവർ ... അതുപോലെ തന്നെ സ്നേഹവും സംരക്ഷണവും ആവശ്യമുള്ള സമയത്ത് വൃദ്ധരായ അമ്മായി അമ്മമാരെ ശത്രുക്കളായി നോക്കികാണുന്ന മരുമക്കളുമെല്ലാം സമൂഹത്തിനു ഒരു ശാപമാണ്.. അതിനെ തിരിച്ചറിയുകയും അതിനെ നിർമാർജ നം ചെയ്യുകയുമാണ് ആദ്യം വേണ്ടത്. മനസ്സില് കൂടുകൂട്ടുന്ന അസൂയകൊണ്ട് സ്ത്രീകള് സ്ത്രീകലെതന്നെ ദ്രോഹിക്കുന്നു.... അങ്ങിനെ ജീവിതം നരകമാക്കി മാറ്റുന്ന സ്ത്രീകളെ തിരിച്ചറിയാത്തിതിടത്തോളം കാലം സ്ത്രീ ജന്മം ഒരിക്കലും ശാക്തീകരിക്കപെടുകയില്ല.....

സ്ത്രീ ശാക്തീകരണത്തിനു മുറവിളി കൂട്ടുന്ന നിങ്ങളറിയുന്നുണ്ടോ നിങ്ങളുടെയൊക്കെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി സ്വന്തം സുഖ ദുഖങ്ങള് മറന്നുകൊണ്ട് പ്രിയപെട്ടവരുടെ സുഖത്തിനും സന്തോഷതിനുമായി രാപകൽ ഓടിനടക്കുന്ന ഞങ്ങളെപോലുള്ള മനുഷ്യജന്മങ്ങളുടെ കഷ്ടപാടുകള് ....

സത്യത്തില് സ്ത്രീ ശാക്തീകരണമല്ല നിങ്ങൾക്ക് വേണ്ടത്... മറിച്ചു സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും പാഠങ്ങൾ സായത്തമാക്കുകയാണ് വേണ്ടത് ... കാരണം അമ്മായിഅമ്മ പോരിനും നാത്തൂന് പോരിനുമൊക്കെ ഇടയിൽ കഷ്ടപെടുന്ന ചിലരുണ്ട് അമ്മയെയും ഭാര്യയേയും ഒരുപോലെ സംരക്ഷിച്ചു സംതൃപ്തരാകെണ്ടുന്ന മകന്റെ കടമയുള്ള ഭർത്താക്കന്മാര് ....

രഘുവിന്റെ ഭാഷണം ആഴത്തിലൊന്നു പതിഞ്ഞു രാജിയുടെ മനസ്സിൽ ..... ഒരു നിമിഷം അവള് ചിന്തിച്ചു .... ശരിയാണ് ഒട്ടേറെ സുഖ -ദുഖങ്ങളിലൂടെ കടന്നുപോകുന്ന ജീവിതത്തിൽ സ്നേഹവും സംരക്ഷണവും നല്കുന്ന പുരുഷ ജന്മങ്ങൾക്കു മേൽ എന്തിനാണ് ഒരു ആധിപത്യം സ്ഥാപിക്കുന്നത് .... എത്രയൊക്കെ സ്ത്രീ ശാക്തീകരിക്കപെടുകയാണെങ്കിലും ഒരു പുരുഷന്റെസ്നേഹത്തിൽ മുങ്ങി കുളിക്കുവാനാണ് തന്നെപോലുള്ള ഓരോ സ്ത്രീയും ആഗ്രഹിക്കുന്നത് ... കൊച്ചമ്മമാരുടെ ഇത്തരം ഷോകള് സ്ത്രീകളെ ശാക്തീകരിക്കുകയല്ല മറിച്ചു കുടുംബബന്ധങ്ങളില് വിള്ളലുണ്ടാക്കാനേ സഹായിക്കുകയുള്ളൂ

പിന്നെ ഒട്ടും താമസ്സിച്ചില്ല.. രാജി ടി വി ഓഫ് ചെയ്തു... എന്നിട്ട് കസേരയിലിരിക്കുന്ന രഘുവിന്റെ പുറകിലെതിയ അവള് അവനെ കെട്ടിപിടിച്ചുകൊണ്ട് കവിളിലൊരു മുത്തം നല്കികൊണ്ട് പറഞ്ഞു ....
"എനിക്കൊരു ശാക്തീകരണവും വേണ്ട ഈ സ്നേഹത്തിന്റെ കീഴിൽ , സുഖ ദുഖങ്ങള് പങ്കുവെച്ചു ഈ പാദങ്ങളില് എന്നുമൊരു അർച്ചനാ പുഷ്പമായ് തീരുവാനുള്ള ജന്മസാഫല്യം മതിയെനിക്ക് ''...

യാതാത്യത്തിന്റെ തിരിച്ചറിവിലേക്ക് നടന്നുകയറിയ രാജിക്കപ്പൊൾ അസാമാന്യ സൗന്ദര്യമുണ്ടെന്നു തോന്നി രഘുവിന് .....

Wednesday, November 19, 2014

on Leave a Comment

Mother അമ്മ കഥ Short Story by Suresh Nair സുരേഷ് നായര്‍ഇടുങ്ങിയ ആ മുറിയിലെ ജനലഴികളിൽ മുഖം ചേർത്തു വെച്ചു ഗായത്രി ടീച്ചർ അങ്ങകലെ വിശാലമായ പറമ്പിന്റെ തെക്കേ അറ്റത്തു അന്ത്യവിശ്രമം കൊള്ളുന്ന ദേവേട്ടന്റെ കുഴിമാടതിലേക്ക് കണ്ണും നട്ടുനിന്നു ... ഈ മുറിയിൽ നിന്നു പുറത്തുകടന്നു ആ കുഴിമാടതിനടുതിരുന്നു ആരും കാണാതെ പൊട്ടി കരയണം... മനസ്സിലുള്ള സങ്കടങ്ങൾ മുഴുവൻ പറയണം.... മനസ്സിനെ ശാന്തമാക്കണം … എല്ലാം ഒരു വ്യാമോഹം മാത്രം ..

എത്ര പെട്ടെന്നാണ് ദിനങ്ങൾ കൊഴിഞ്ഞുവീഴുന്നത്.. പ്രായം ശരീരതെ കീഴടക്കിയിരിക്കുന്നു.. ദേവേട്ടനെപ്പോഴും പറയുമായിരുന്നു...
"ഗായത്രികുട്ടീ സ്വർഗ്ഗവും നരഗവും ഭൂമിയിൽ തന്നെ ആണ് .. നമ്മൾ തന്നെ ആണവ സൃഷ്ടിക്കുന്നത് "

അത് ശരിയാണ് . അദ്ധേഹമുണ്ടായിരുന്നപ്പോൾ വീടൊരു സ്വർഗ്ഗമായിരുന്നു... എന്നാലിപ്പോൾ താൻ ജീവിക്കുന്നത് സ്വർഗ്ഗത്തിലെ .നരഗതിലാണല്ലോ...
ടീച്ചറിന്റെ മനസ്സ് ഗതാകാലസ്മരണകളിലേക്ക് ഊളിയിട്ടു ... ജീവിതം ഒരു വസന്തം തന്നെ ആയിരുന്നു.. ആ വസന്തത്തിൽ വിരിഞ്ഞ രണ്ടു പുഷ്പങ്ങൾ ... അമലും ആതിരയും...അവരെ നോക്കി ദേവേട്ടൻ പറയുമായിരുന്നു
"ഗായത്രികുട്ടി നമ്മുടെ വാർധക്യത്തിൽ ഈ മക്കൾ നമ്മുക്കൊരു തണലാകും "
സന്തോഷകരമായ ജീവിതം മുന്നോട്ടുപോകവെ ... ഒരു പക്ഷെ ദൈവത്തിനുപോലും അസൂയ തോന്നിയിരിക്കാം. അല്ലെങ്കിലും ദൈവം അങ്ങിനെയാണല്ലോ പ്രിയപെട്ടതെന്തു തന്നാലും പെട്ടെന്ന് തിരിച്ചു വാങ്ങും … മനോഹരമായ പൂവിനു ഒരു പകൽ .... പൂർണേന്ദുവിനു ഒരു രാവ് ... അങ്ങിനെയാണല്ലോ ദൈവത്തിന്റെ വികൃതികള്

ആ ദിവസം ഇന്നും ഒരു ഞെട്ടലോടെയെ ഓർക്കാനാകൂ... തകർത്തുപെയ്യുന്ന ഇടവപാതി ... വീടിനുള്ളിലേക്ക് ഏതാനും ചുവടുകൾ മാത്രം ശേഷിക്ക്കെ ഒരു ഇടിമിന്നലിന്റെ രൂപത്തിലെത്തിയ കാലപാശം ….എന്താണ് സംഭാവിക്കുന്നതെന്നറിയുന്നതിനു മുമ്പ് ദേവേട്ടന്റെ ശരീരം മൃതമായ ഒരു കരികട്ടയായി മാറി... പിന്നീട് ദിവസങ്ങൾ മാത്രം നീണ്ടുനിന്ന സഹതാപ -സഹായ കിരണങ്ങൾ . അഞ്ചും രണ്ടും വയസ്സ് മാത്രമുള്ള മക്കളെയും കൊണ്ട് മുന്നോട്ടുള്ള ജീവിതം ഒരു ദുരിതപർവ്വമായിരുന്നു ... .

ദൈവം ഒരു ചെറിയ കരുണ കാണിച്ചു .. ഗവർമെന്റ്റ് സ്കൂളിൽ അധ്യാപകനായിരുന്ന ദേവേട്ടന്റെ മരണശേഷം ആ സ്കൂളിൽ തന്നെ ഒരു ജോലി കിട്ടി … ജീവിതം കുറേശ്ശെ പച്ചപിടിക്കാൻ തുടങ്ങി .. പലരും ഉപദേശിച്ചു..

"പ്രായം അധികമൊന്നും ആയില്ലലോ ഗായത്രി .. ഇപ്പോൾ ജോലിയുമില്ലേ .. ഒരു കല്യാണം കഴിച്ചുകൂടെ ..? ഒറ്റക്കിങ്ങനെ കഴിയണോ...?
അതെല്ലാം നിഷേധിച്ചു.. ഇനിയുള്ള തന്റെ ജീവിതം തന്റെ മക്കൾക്ക് വേണ്ടി മാത്രം എന്ന് കണിശമായി നിശ്ചയിച്ചു. ഒട്ടേറെ ദുരിതങ്ങൾ സഹിച്ചു മക്കളെ വളർത്തി വലുതാകി . നല്ല വിദ്യാഭ്യാസവും അന്തസ്സൊത്ത ജീവിതവും നല്കി...

മക്കളുടെ വിവാഹം കഴിഞ്ഞതോടെ താൻ അവർക്കൊരു ഭാരമായിതുടങ്ങിയിരിക്കുന്നു .. വിദ്യാഭ്യാസതിൻറെ കൊടുമുടി കയറിയ മകൻ , ഒരു വലിയ ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉയർന്ന പദവികൾ സ്വന്തമാക്കി … എപ്പോഴും തിരക്കോട് തിരക്ക് … പരിഷ്കാരിയായ മരുമകൾക്ക് ടീച്ചറിന്റെ ഗ്രാമീണതയോട് പൊരുതപെടാനാകുമായിരുന്നില്ല … എന്നിരുന്നാലും കൊച്ചുമകന് അച്ഛമ്മയോട് വലിയ സ്നേഹമായിരുന്നു .
അമ്മയെ നോക്കുന്നതിനുള്ള പരിമിതികള് നിരത്തിയ മകൾ ഒടുവിലൊരു നിര്ദേശം വെച്ച്.. അമ്മയുടെ പേരിലുള്ള വിശാലമായ ആ പറമ്പും വീടും തനിക്കു വേണ്ടെന്നും അതുമുഴുവാൻ അമലിനു എടുക്കാമെന്നും പകരം അമ്മയുടെ ഉത്തരവാദിത്വം ഏറ്റെടുക്കയും വേണം.

മകൻറെ പേരിൽ എല്ലാം എഴുതികൊടുത്ത തനിക്കു പിന്നെ കാണാൻ കഴിഞ്ഞത് ആ കൊച്ചു വീട് ഇടിച്ചുനിരത്തി അവിടെ ആധുനിക സൌകര്യങ്ങളെല്ലാം ഉള്ള ഒരു ബംഗ്ലാവ് ഉയരുന്നതായിരുന്നു. ആദ്യമൊക്കെ ഒരു നല്ല മുറി തന്നെ ആ ബംഗ്ലാവിൽ തനിക്കായി മകൻ നീക്കി വെച്ചു. പിന്നെ പിന്നെ പതുക്കെ ഓരോ കാരണം പറഞ്ഞു തന്നെ ഈ ഇരുട്ട് മുറിയിൽ തള്ളി. അങ്ങിനെ തന്റെ ലോകം ഈ ഇടുങ്ങിയ മുറിയിലേക്ക് ഒതുങ്ങി.

പക്ഷെ കാര്യങ്ങൾ അവിടംകൊണ്ടും തീര്ന്നില്ല .. ഒരു ദിവസം വല്ലാതെ വിശന്ന ടീച്ചർ അടുക്കളയിൽ കയറി... ഫ്രിഡ്ജ് തുറന്നു .. അത്രയേ ഓർമയുള്ളൂ.. വിശപ്പിന്റെ കാടിന്യതാല് കണ്ണിലാകെ ഇരുട്ട് കയറുന്നതുപോലെ ... പെട്ടെന്ന് ടീച്ചർ തലചുറ്റി താഴെ വീണു.ഒപ്പം കൈതട്ടി മേശയിലും മറ്റും ഇരുന്നിരുന്ന സ്ഫടിക പാത്രങ്ങളും പ്ലേറ്റുകളുമെല്ലം തറയിൽ വീണുടഞ്ഞു...

ശബ്ദം കേട്ട് ഓടിവന്ന മരുമകൾ കണ്ടത് താഴെ വീണു കിടക്കുന്ന ടീചറെയും പിന്നെ പല കഷ്ണങ്ങളായി പൊട്ടിച്ചിതറിയ വിലപിടിച്ച പാത്രങ്ങളും …
ദേഷ്യം കൊണ്ട് വിറച്ച മരുമാകളാ ക്രോശിച്ചു ...

"അമ്മക്കെന്തിന്റെ കേടാ ..? അവിടെങ്ങാനും അടങ്ങിയൊതുങ്ങി ഇരിക്കരുതോ..ഇന്ന് വേലക്കാരി കുറച്ചു വൈകിയേ വരൂ ... അതുകൊണ്ടാ രാവിലെ ഒന്നും തരാഞ്ഞത് … ഒരു നേരം ഭക്ഷണം കഴിചില്ലെന്നുവെച്ചു ചത്ത് പോകതൊന്നുമില്ലലോ … ? എത്ര വിലകൂടിയ പാത്രങ്ങളാ നശിപ്പിച്ചത്.. ഇനിമുതല് അമ്മ മുറിയില് തന്നെ ഇരുന്നാൽ മതി ഭക്ഷണമൊക്കെ അങ്ങോട്ടെതിക്കാം ഇങ്ങോട്ട് വരേണ്ട മനസ്സിലായോ.."

അന്നുമുതല് അടുക്കളയിലിരുന്നു ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യവും നഷ്ടപ്പെട്ടു ടീച്ചര്ക്ക് .....മാത്രമല്ല ടീച്ചർക്ക് ഭക്ഷണം കഴിക്കനായി അലുമിനിയത്തിന്റെ ഒരു പ്ലേറ്റും ഒരു സ്റ്റീൽ ഗ്ളാസും വാങ്ങിവെച്ചു മരുമകൾ..

ദിവസങ്ങള് കടന്നുപോകവെ ഒരു ദിവസം മരുമകള് മകനോട് പറയുന്നത് കേട്ട് ടീച്ചർ ...

ഇനിയും അമ്മയെ നമ്മുക്കിവിടെ നിർത്തണോ ..? അടുത്തു തന്നെ ഒരു വൃദ്ധസദനമുണ്ടല്ലോ അവിടെ കൊണ്ടുപോയാക്കാം എല്ലാ മാസവും ഒരു നിശ്ചിത തുക കൊടുത്താൽ മതി. ഇവിടുതെക്കൾ സന്തോഷമാകും അമ്മക്കവിടെ

മറുത്തൊന്നും പറയാതിരുന്ന മകൻ അതങ്ഗീകരിചെന്നു തോന്നുന്നു.. മകനെ ശരിക്ക് കണ്ടിട്ട് തന്നെ എത്ര നാളായി...ബിസിനസ്സ് സാമ്രാജ്യം കെട്ടിപടുക്കുന്നതിനിടയില് തീരെ സമയമില്ലതായിരിക്കുന്നു. ഇനിയും ആർക്ക് വേണ്ടിയാണിത്രയും സമ്പാദിച്ചു കൂട്ടുന്നത്

പിറ്റേന്ന് രാവിലെ മകൻ മുറിയിലേക്ക് കയറിവന്നപ്പോൾ ടീച്ചർ മനസ്സിലാക്കി .. തന്റെ ഇവിടുത്തെ ജീവിതവും അവസാനിച്ചിരിക്കുന്നു..

കുറച്ചു സങ്കോചത്തോടെ പറഞ്ഞുതുടങ്ങിയ മകനോടായി ടീച്ചർ പറഞ്ഞു ..

"എന്റെ മോനൊട്ടും ഒട്ടും വിഷമിക്കേണ്ടാ... എല്ലാം അമ്മക്കറിയാം അമ്മക്കവിടെ സുകായിരിക്കും എപ്പോഴാ നമ്മളങ്ങോട്ടു പോകുന്നത് ...?
പിന്നെടെല്ലാം പെട്ടെന്നായിരുന്നു ... ഒരു ചെറിയ ബാഗിലോതുങ്ങുന്ന കുറച്ചു വസ്ത്രങ്ങൾ... അതുമാത്രമേ ടീച്ചറിനെടുക്കനുണ്ടായിരുന്നുള്ളൂ ..ആ വലിയ ബംഗ്ലാവിന്റെ പടിയിറങ്ങുമ്പോൾ ഒരു വിതുമ്പലോടെ ഒന്ന് തിരിഞ്ഞു നോക്കി ടീച്ചർ ... ആ ബംഗ്ളാവിനു പകരം മനസ്സില് തെളിഞ്ഞുവന്നത് പഴയ ആ കൊച്ചു വീടായിരുന്നു .. അവിടെ ദേവേട്ടനും താനും പിന്നെ പിച്ചവേച്ചുനടക്കുന്ന അമലും ആതിരയും...

അമ്മ കയറമ്മേ ... എനിക്ക് അമ്മയെ അവിടെ ആക്കിയിട്ടുവേണം വീട്ടിൽ വന്നു ഓഫീസിലേക്ക് പോകാൻ … മകന്റെ പറച്ചില് കേട്ട് കണ്ണുകൾ തുടച്ചു ടീച്ചർ കാറിൽ കയറി ഇരുന്നു കൂടെ കൊച്ചുമകനും

ആ വൃദ്ധ സദനത്തിന്റെ ഗേറ്റ് കടക്കുമ്പോൾ തന്നെ ടീച്ചര് കണ്ടു അശരണരായ വൃദ്ധരും അവരുടെ ഇടയിൽ മാലഖമാരെ പോലെ അവരുടെ സന്തോഷത്തിലും സന്താപത്തിലും പങ്കുകൊള്ളുന്ന ജീവനക്കാരും ....

കാറിൽ നിന്നിറങ്ങിയ ടീച്ചറും മകനും കൊച്ചുമോനും ആ സ്ഥാപനത്തിന്റെ സർവ്വാധികാരിയായ ഫാദർ സാമുവേലിനരികിലെത്തി എല്ലാ നടപടികളും പൂർത്തിയാ ക്കി.. അകത്തേക്ക് പോകാനോരുങ്ങവേ ടീച്ചർ ഒരിക്കൽ കൂടെ ഒന്ന് തിരിഞ്ഞു നോക്കി മകന്റെ മുഖത്തേക്ക് ...

അപ്പോൾ ആരോടോ ഫോണിലൂടെ സംസാരിച്ചുകൊണ്ടിരുന്ന മകന്റെ മുഖം ടീച്ചറിന് അവ്യക്തമായി ... അവൻ ആകാശതോളം വളർന്നിരിക്കുന്നു... മുഖം മാത്രം കാണുന്നില്ല.. അവിടം മാത്രം ഇരുട്ടാണ്...ടീച്ചർ മെല്ലെ അകത്തേക്ക് നടന്നു മറഞ്ഞു ...

തിരിച്ചു വീട്ടിലെത്തിയ അയാള് കണ്ടത് അമ്മയുടെ മുറിയിലേക്ക് പോകുന്ന മകനെ ആണ് …

"ഇവനെന്തിനാണങ്ങോട്ട് പോകുന്നത് " ഒരുവേള ശങ്കിച്ചു നിന്ന അയാളും ഭാര്യയും അവനെ പിന്തുടർന്നപ്പോൾ കണ്ടത് മകൻ അമ്മ ഉപയോഗിച്ച പ്ലേറ്റും ഗ്ളാസ്സും പിന്നെ കുടിക്കാനുള്ള വെള്ളം നിറച്ചുവെച്ചിരുന്ന ജഗ്ഗും എടുത്തു ഭദ്രമായി അലമാരയിൽ വെക്കുന്നതാണ്

അതുകണ്ട് ആശ്ചര്യത്തോടെ അയാൾ ചോദിച്ചു .."എന്തിനാണ് നീ ഇതെല്ലം ഇനിയും എടുത്തു വെക്കുന്നത് വേറെ എത്രയോ നല്ല പാത്രങ്ങളുണ്ടല്ലോ ഇവിടെ"

അതുകേട്ട മകൻ പറഞ്ഞു....

" ഇത് നാളേക്ക് കരുതി വെക്കുന്നതാ അച്ഛാ ... നാളെ ഞാനും വളർന്നു വലുതാകും.. അപ്പോഴേക്കും അച്ഛനും അമ്മക്കുമെല്ലം ഒരുപാട് വയസ്സാകും.. അപ്പോള് നിങ്ങൾക്കുപയോഗിക്കാൻ വേണ്ടിയാണ് ഞാനിതു സൂക്ഷിച്ചുവെക്കുന്നത് .. ഇത് മാത്രമല്ല അച്ഛാ … ഞാൻ ആ വൃദ്ധസദനത്തിന്റെ കാർഡും വാങ്ങിയിട്ടുണ്ട് …. അവർ പറഞ്ഞില്ലേ വിളിച്ചു പറഞ്ഞാല വീട്ടില് വന്നു കൊണ്ടുപോകും എന്ന് … ഞാൻ അവരോടു വിളിച്ചു പറയുകയേ ഉള്ളോ വയസ്സായാല് അച്ഛനേം അമ്മയേം കൊണ്ടുപോകാൻ"

ആ എട്ടു വയസ്സുകാരന്റെ നിഷ്കളങ്കമായ മറുപടി കേട്ട് അവർ സ്തബ്ധരായി … നാളെ തങ്ങളെ കാത്തിരിക്കുന്ന വിധിയും ഇതുതന്നെ എന്ന തിരിച്ചറിവ് തങ്ങള് ചെയ്താ തെറ്റിന്റെ ... മഹാപാപതിന്റെ ആഴം അവർക്ക് മനസ്സിലാക്കി കൊടുത്തു. ഏറ്റവും ശുശ്രുഷ വേണ്ട സമയത്ത് തങ്ങള് അമ്മയെ ഉപേക്ഷിച്ചിരിക്കുന്നു ഇതില്പരം പാപമെന്തുണ്ട്...?

പശ്ചാത്താപവിവസരായ അവർ അന്നുതന്നെ ഒരു ഉറച്ച തീരുമാനമെടുത്തു... അമ്മയെ കൂട്ടികൊണ്ടുവരുക ഇനിയുള്ള കാലം നന്നായി സംരക്ഷിക്കുക...
പിറ്റേന്ന് രാവിലെ തന്നെ വൃദ്ധസദനതിലെതിയ ആയാള് ആദ്യമായി കാണുന്നതുപോലെ അമ്മയെ നോക്കി. വാർദ്ധക്യത്തിൻറെ ലക്ഷണങ്ങൾ നിപതിച്ച ഐശ്വര്യമാർന്ന മുഖം...നരച്ചുതുടങ്ങിയ കറുത്ത ഫ്രെയിം ഉള്ള കണ്ണടക്കുപോലും വാർദ്ധക്യം ബാധിച്ചിരിക്കുന്നു.. ഒരുപക്ഷെ തന്നെ കണ്ടതുകൊണ്ടാകാം ആ കണ്ണുകൾക്ക് വല്ലാത്ത തിളക്കം … കുഞ്ഞിന ശി രസ്സോടെ അയാള് അമ്മയോട് പറഞ്ഞു ...

"അമ്മയോട് ഞാങ്ങളൊരുപാട് തെറ്റ് ചെയ്തു . അമ്മ ഞങ്ങളോട് ക്ഷമിക്കണം... ഞങ്ങളുടെ ഒപ്പം വരണം... ഇനിയുള്ള ഞങ്ങളുടെ ജീവിതം അമ്മക്കുവേണ്ടിയായിരിക്കും അമ്മക്കൊരു കുറവും അവിടുണ്ടാകില്ല"
അതുകേട്ടു പുഞ്ചിരിയോടെ ആ അമ്മ പറഞ്ഞു

നോക്ക് മോനെ അമ്മക്കിവിടെ നല്ല സുകമാണ് .. എന്നേക്കാൾ പ്രായം കൂടിയവര് ... എന്നേക്കാൾ അവശരായവര്... ബന്ധുജനങ്ങളാലുപേക്ഷിക്കപെട്ടവര്.... അവരെയെല്ലാം സ്നേഹിക്കാൻ സന്മനസ്സുള്ള ഫാദർ സാമുവേലും പിന്നെ ഒരുകൂട്ടം മാലാഖമാരും .. ഇവിടെ ജാതി മതഭേദങ്ങളുടെ വിത്യാസമില്ല.. എല്ലാവരും നല്ല സൗഹൃദത്തോടെ... സ്നേഹത്തോടെ കഴിഞ്ഞുകൂടുന്നു ….മനസ്സില് സ്നേഹവും കാരുണ്യവും കുടികൊള്ളുന്ന ഇവർക്കുവേണ്ടിയാകട്ടെ ഇനിയുള്ള എന്റെ ജീവിതം … ഈ അമ്മ മോനെ ഒരിക്കലും ശപിച്ചിട്ടില്ല .. ഒരമ്മക്കും അതിനു കഴിയില്ല മോനെ ...എന്റെ മോൻ ചുറ്റുപാടുകളെ സ്നേഹിച്ചും സഹായിച്ചു കഴിയണം അതെ അമ്മക്ക് പറയാനുള്ളൂ"..

പെട്ടെന്ന് എന്തോ ഓർത്തപോലെ ആ അമ്മ പറഞ്ഞു

" ഒരു നിമിഷം മോനെ അമ്മ ഇപ്പോൾ വരാം ." എന്നും അകത്തേക്ക് ടീച്ചർ ഒരു ചെറിയ സ്റ്റീൽ പാത്രവുമായി വന്നു എന്നിട്ട് പറഞ്ഞു ...

"മോനറിയോ ഇന്ന് മോന്റെ പിറന്നാളാണ്... ഇത് അമ്മ അടുത്തുള്ള ക്ഷേത്രത്തിൽ പോയി കഴിച്ച വഴിപാടുപായസമാണ് ..എന്റെ മോന്റെ സുഖത്തിനും സമൃദ്ധിക്കും വേണ്ടി ...…. അമ്മ എല്ലാ വർഷ വും മോന്റെ പിറന്നാളിന് അടുത്തുള്ള അമ്പലത്തിൽ പോയി വഴിപാടു നടത്താറുണ്ട് . തിരക്കിനിടയിൽ മോനതൊന്നും ശ്രദ്ധിക്കാറില്ല.. "

സ്റ്റീൽ പാത്രം കയ്യിൽ കൊടുത്തുകൊണ്ട് ആ അമ്മ പറഞ്ഞു...

" ഇനി മോൻ പൊയ്ക്കോ ഇവിടെ ഭക്ഷണം കഴിക്കാനുള്ള സമയമായി … അവളോട് പറയണം അമ്മക്കാരോടും ഒരു ദേഷ്യവുമില്ലെന്നു... അമ്മക്കിവിടെ സുകാന്നു പറയണം"

നിറഞ്ഞുവന്ന കണ്ണുകൾ തുടച്ചുകൊണ്ട് ടീച്ചർ അകത്തേക്ക് നടന്നു മറഞ്ഞു
സ്നേഹത്തിന്റെ ഈ മൂർ ത്തിഭാവതെയാണല്ലോ താൻ ഇത്രനാളും അവഗണിച്ചതെന്നോർത്തു പശ്ചാതാപവിവശനായ അയാൾ കൊച്ചു കുട്ടിയെപോലെ പൊട്ടികരഞ്ഞു...ഈ ഭൂമിയില് അമ്മക്ക് തുല്യമായിയാതൊന്നുമില്ലെന്ന തിരിച്ചറിവ് അയാളെ ഒരു പുതിയ മനുഷ്യനാക്കി മാറ്റിയെടുക്കുകയായിരുന്നു......

Friday, November 14, 2014

on Leave a Comment

Metro Baalyam by P.P Anil Kumar | മെട്രോ ബാല്യം - കവിത - പി പി അനില്‍ കുമാര്‍

കുഞ്ഞേ ഇല്ല നിനക്ക് കാട്ടിത്തരാന്‍
ഒരു മഞ്ചാടി മരം ഈ ഇടനാഴിയില്‍
കുഞ്ഞിക്കയ്യാല്‍ നിനക്കെറിയുവാന്‍
കുഞ്ഞു മാവില്ല കിളിയില്ല തൊടിയില്ല
മണ്ണില്ല മഴയില്ല വയലില്ല വാശി വേണ്ട
ഉണ്ടങ്ങുറങ്ങുക ഉണരുക ഇവിടെയിനി
ഉണ്ടോ ഒരു ബാല്യം കഷ്ടം ഉണ്ടാകില്ല
പൊന്തിയ ഈ കെട്ടിട സമുച്ചയത്തില്‍

ഇന്നീ മുറിക്കുള്ളില്‍ എന്നോടൊപ്പം
വന്നാല്‍ കാട്ടിത്തരാം കാര്‍ട്ടൂണുകള്‍
ഒന്ന് രണ്ട് മൂന്ന്‍ റിമോട്ടാല്‍ നിത്യം
എണ്ണി ചാനലുകള്‍ മാറ്റുക ബാല്യമേ
ഇല്ല കടലും മലകളും പുഴകളും കാറ്റും
കണ്ണുകള്‍ കാണട്ടെ കല്പനാലോകം
എന്നാലായി ഇവിടെയിതേ മരുപ്പച്ച
എന്നാല്‍ ആവുന്നതിതേ മെട്രോയില്‍

വന്നു ചാച്ചാജി തന്‍ ജന്മദിനം തിരക്കില്‍
ഇന്നലെ തയ്പ്പിച്ച കുപ്പായം അണിയുക
ഇന്നത്രേ ശിശു ദിനം ആഘോഷിക്കുവാന്‍
നിന്നോടൊപ്പം കൂടുമോ നിന്റെ കൂട്ടുകാര്‍
വരിക നിന്‍ വെളുത്ത കുപ്പായക്കുടുക്കില്‍
ഒരു ചുവപ്പ് റോസാപ്പൂ ഞാന്‍ കുത്തി തരാം

വിരിയട്ടെ പാല്‍ പുഞ്ചിരി നിന്‍ ചൊടിയില്‍
കൊഴിയാതെ നീ സൂക്ഷിക്കുക അത് നെഞ്ചില്‍
നിന്നോമല്‍ പാദങ്ങള്‍ തളരരുതൊരിക്കലും
നഗര വീഥിയില്‍ ഇന്നിനി ജാഥ നയിക്കുമ്പോള്‍

കുന്നോളം സ്വപ്‌നങ്ങള്‍ പൂക്കുന്ന ഈ മനസ്സുകളില്‍
ഇന്നാകെ തരിശിട്ടു നാം നല്‍കുന്നതോ നഷ്ട മോഹം
എന്നാലും വളരുമ്പോള്‍ ഓര്‍ക്കാന്‍ കിടാങ്ങള്‍ക്ക്
ഉണ്ടാകട്ടെ ഉണങ്ങാത്ത പുല്‍നാമ്പുകള്‍ ഓര്‍മ്മകള്‍

Thursday, November 6, 2014

on Leave a Comment

Kshamapanam Balachandran Chullikkadu ക്ഷമാപണം ബാലചന്ദ്രന്‍ ചുള്ളിക്കാട്

Kshamapanam - Balachandran Chullikkadu ക്ഷമാപണം - ബാലചന്ദ്രന്‍ ചുള്ളിക്കാട്

മാപ്പു ചോദിപ്പൂ
വിഷം കുടിച്ചിന്നലെ രാത്രിയിൽ
ഞാൻ നിന്നരികിലിരുന്നുവോ?
നിന്റെ ഗന്ധർവന്റെ സന്തൂരിതൻ ശതതന്ത്രികൾ
നിൻ ജീവതന്തുക്കളായ് വിറകൊണ്ട്
സഹസ്ര സ്വരോൽക്കരം ചിന്തുന്ന
സംഗീത ശാലതൻ വാതിലിലിന്നലെ
എന്റെ തിരസ്കൃതമാം ഹൃദയത്തിന്റെ
അന്തഃശബ്ദം തലതല്ലി വിളിച്ചുവോ?
കൂരിരുൾ മൂടിക്കിടക്കുന്നരോർമ്മതൻ
ഈറൻ തെരുവുകളാണ്
വെറും ശവഭോജന ശാലകളാണ്
കിനാവറ്റ യാചകർ
വീണുറങ്ങും കടതിണ്ണകളാണ്
ഘടികാര സൂചിയിൽ
ഓർത്തു പിടയ്ക്കും ശിരസ്സുകളാണ്
ബോധത്തിന്റെ പാതിരാതോർച്ചയിൽ
നെഞ്ചുപൊത്തികൊണ്ട് ചോര ചർദ്ധിയ്ക്കും രോഗികളാണ്
കൊമ്പിട്ടടിച്ച് ഓരോ മനസ്സിൻ
തണുത്ത ചെളിയിലും
കാലുടൽ പൂഴ്ത്തി കിടക്കും വെറുപ്പാണ്
ഭയം കാറ്റും, മഴയും കുടിച്ച്
മാംസത്തിൻ ചതുപ്പിൽ വളരുകയാണ്
പകയുടെ ഹിംസ്ര സംഗീതമാണ്
ഓരോ നിമിഷവും ഓരോ മനുഷ്യൻ ജനിയ്ക്കുകയാണ്!
സഹിയ്ക്കുകയാണ്! മരിയ്ക്കുകയാണ്!
ഇന്ന് ഭ്രാന്തു മാറ്റുവാൻ
മദിരാലയത്തിൻ
തിക്ത സാന്ത്വനം മാത്രമാണ്
എങ്കിലും പ്രേമം ജ്വലിയ്ക്കുകയാണ്
നിരന്തരമെന്റെ ജഡാന്തര സത്തയിൽ
മാപ്പു ചോദിപ്പൂ
വിഷം കുടിച്ചിന്നലെ
രാത്രിതൻ സംഗീത ശാലയിൽ
മണ്ണിന്റെ ചോരനാറുന്ന
കറുത്ത നിഴലായ്
ജീവനെ; ഞാൻ നിന്നരികിലിരുന്നുവോ?


Balachandran Chullikkadu ബാലചന്ദ്രന്‍ ചുള്ളിക്കാട്) is a renowned Malayalam poet and film actor. 


His collection of poems published are Pathinettu Kavithakal, Amaavaasi, Ghazal, Maanasaantharam, Dracula etc. A collection of his complete poems, Balachandran Chullikkadinte Kavithakal (The Poems of Balachandran Chullikkad, 2000) was published by DC Books, Kottayam, Kerala, India. They have also published the book of his memoirs, Chidambarasmarana (2001).

He has participated in many national literary seminars organised by Central Academy of Letters, India. He was one among the ten members of a cultural delegation of India to Sweden in 1997 invited by Nobel Academy and Swedish Writers Union. He represented Indian poetry in the international bookfair in Gotenborg, Sweden in November 1997.
Chullikkadu is also an actor in Malayalam films and serials. As an actor, he is best known for G. Aravindan's Pokkuveyil (1981) in which he played a young artist who lives with his father, a radical friend and a music-loving young woman. The film is about how his world collapses when his father dies, the radical friend leaves him and her family takes the woman away to another city.

Balachandran was born in Paravur, Ernakulam, Kerala. He completed his graduation in English literature from Maharajas College, Ernakulam.


In 2000 he took Buddhism as his religion. He says that this cannot be called a conversion from Hinduism because he was never a follower of that religion. "I have not converted because I have not been a believer though I was a Hindu. I have now embraced Buddhism, not converted to Buddhism. The problem with Hinduism is that it is a religion of social status and set-ups. Your value in Hinduism depends on the family in which you were born," he says.
Chullikkadu is married to the Malayalam poetess Vijayalakshmi. He retired from Kerala State Government service on 31 July 2013. He got National Film Award for Best Non-Feature Film Narration / Voice Over for The 18 Elephants – 3 Monologues in 2003

Sunday, November 2, 2014

on Leave a Comment

Nilave Mayumo Kinavum Novumayi നിലാവേ മായുമോ കിനാവും നോവുമായ് by Binu BhaskarNilave Mayumo Kinavum Novumayi നിലാവേ മായുമോ കിനാവും നോവുമായ് by Binu Bhaskar

മിന്നാരം എന്ന ചിത്രത്തിലെ "നിലാവേ മായുമോ.." എന്ന ഗാനം പാടാനൊരു ശ്രമം...by Binu Bhaskar

on Leave a Comment

മാലാഖമാർ Malaghamar by Anil Kuriyathi

മാലാഖമാർക്കറിയാം ..
അവർക്കേ അറിയൂ
സ്വർഗ്ഗത്തിനെത്ര
വാതിലുകൾ ഉണ്ടെന്ന്
അവക്കെത്ര താഴുകളുണ്ടെന്ന്‌ ...


പക്ഷെ ,   അവരത് പരസ്യപ്പെടുത്താറില്ല ..
വഴിതെറ്റി അലയുന്ന
പരേതാത്മാക്കളോടു പറയും

" വഴി കണ്ടെത്തേണ്ടതും
മുട്ടി വിളിക്കേണ്ടതും
അവനവൻ തന്നെയാണെന്ന് ".

അത്ഭുതപ്പെടുത്തുന്നതു
എന്തിനാണ് ചില മാലാഖമാർ
നിദ്രയിൽ വന്ന്
സ്വപ്നവാതിൽ പാളികൾ തുറന്ന്
സ്വർഗ്ഗത്തിലേക്കെന്നെ
ആനയിക്കുന്നതെന്നതാണ്

വിചാരണകളില്ലാതെ
ന്യായ വിധികളില്ലാതെ
എന്തിനാണെന്നെ
വിശുദ്ധനാക്കുന്നതെന്നതാണ് ,

ഉന്മാദ മൂർച്ചകളില്‍
ആകാശ ഗർത്തങ്ങളിലേക്കെന്‍
ചേതനകൾ അടർന്നു വീഴുമ്പോൾ

നിശ്വാസ ഹർഷങ്ങളിൽ
ഹൃദയ പുഷ്പം
ഇതളിതളായ് വിടർന്നു
ചിരിക്കുമ്പോൾ ,

ഇവരെന്താണ്
മിണ്ടാതെ
ഒന്നു പരിഭവിക്കാതെ
നിശ്ശബ്ദതയിൽ
അലിഞ്ഞു ചേരുന്നത് ...?

നിദ്രയുടെ ശേഷിപ്പുകളിൽ
എന്നെ മറന്നുവെച്ച്
പടിയിറങ്ങിപ്പോയ
ഒരു മാലാഖ മുഖവും
പകലുകളിതുവരെ
എനിക്കു മടക്കിത്തന്നിട്ടേയില്ല ...

ഈ മാലാഖമാരിങ്ങനെയാണ്
സ്വർഗ്ഗത്തിന്റെ
കാവൽക്കാരികളായ
“കുറുമ്പിപ്പെണ്ണുങ്ങള്‍"


Saturday, November 1, 2014

on Leave a Comment

BECAUSE I LOVE HER - A Romantic Musical Short Film by Niya YemmechBECAUSE I LOVE HER - A Romantic Musical Short Film by Niya Yemmech


Malaika Entertainments presents ...BECAUSE I LOVE HER ! A short film by Niya Yemmech. Produced by Sherin Dissanayake,Starring-Vipin Mohan ,Sharika Menon,Nafeesa Malaika, Jojo Kurisinkal, Suresh, Rashid etc.


Related Posts Plugin for Sruthilayam ശ്രുതിലയം അക്ഷരം അഗ്നിയാണ്. അക്ഷരം ആയുധമാണ് Sruthilayam ശ്രുതിലയം അക്ഷരം അഗ്നിയാണ്. അക്ഷരം ആയുധമാണ് - കഥകള്‍ കവിതകള്‍ നിരൂപങ്ങള്‍ ആശംസകള്‍ - Poem Story Criticism Greetings from Sruthilayam Facebook Group WordPress, Blogger...

Follow Us


SocialTwist Tell-a-Friend