Wednesday, November 19, 2014

on Leave a Comment

Mother അമ്മ കഥ Short Story by Suresh Nair സുരേഷ് നായര്‍ഇടുങ്ങിയ ആ മുറിയിലെ ജനലഴികളിൽ മുഖം ചേർത്തു വെച്ചു ഗായത്രി ടീച്ചർ അങ്ങകലെ വിശാലമായ പറമ്പിന്റെ തെക്കേ അറ്റത്തു അന്ത്യവിശ്രമം കൊള്ളുന്ന ദേവേട്ടന്റെ കുഴിമാടതിലേക്ക് കണ്ണും നട്ടുനിന്നു ... ഈ മുറിയിൽ നിന്നു പുറത്തുകടന്നു ആ കുഴിമാടതിനടുതിരുന്നു ആരും കാണാതെ പൊട്ടി കരയണം... മനസ്സിലുള്ള സങ്കടങ്ങൾ മുഴുവൻ പറയണം.... മനസ്സിനെ ശാന്തമാക്കണം … എല്ലാം ഒരു വ്യാമോഹം മാത്രം ..

എത്ര പെട്ടെന്നാണ് ദിനങ്ങൾ കൊഴിഞ്ഞുവീഴുന്നത്.. പ്രായം ശരീരതെ കീഴടക്കിയിരിക്കുന്നു.. ദേവേട്ടനെപ്പോഴും പറയുമായിരുന്നു...
"ഗായത്രികുട്ടീ സ്വർഗ്ഗവും നരഗവും ഭൂമിയിൽ തന്നെ ആണ് .. നമ്മൾ തന്നെ ആണവ സൃഷ്ടിക്കുന്നത് "

അത് ശരിയാണ് . അദ്ധേഹമുണ്ടായിരുന്നപ്പോൾ വീടൊരു സ്വർഗ്ഗമായിരുന്നു... എന്നാലിപ്പോൾ താൻ ജീവിക്കുന്നത് സ്വർഗ്ഗത്തിലെ .നരഗതിലാണല്ലോ...
ടീച്ചറിന്റെ മനസ്സ് ഗതാകാലസ്മരണകളിലേക്ക് ഊളിയിട്ടു ... ജീവിതം ഒരു വസന്തം തന്നെ ആയിരുന്നു.. ആ വസന്തത്തിൽ വിരിഞ്ഞ രണ്ടു പുഷ്പങ്ങൾ ... അമലും ആതിരയും...അവരെ നോക്കി ദേവേട്ടൻ പറയുമായിരുന്നു
"ഗായത്രികുട്ടി നമ്മുടെ വാർധക്യത്തിൽ ഈ മക്കൾ നമ്മുക്കൊരു തണലാകും "
സന്തോഷകരമായ ജീവിതം മുന്നോട്ടുപോകവെ ... ഒരു പക്ഷെ ദൈവത്തിനുപോലും അസൂയ തോന്നിയിരിക്കാം. അല്ലെങ്കിലും ദൈവം അങ്ങിനെയാണല്ലോ പ്രിയപെട്ടതെന്തു തന്നാലും പെട്ടെന്ന് തിരിച്ചു വാങ്ങും … മനോഹരമായ പൂവിനു ഒരു പകൽ .... പൂർണേന്ദുവിനു ഒരു രാവ് ... അങ്ങിനെയാണല്ലോ ദൈവത്തിന്റെ വികൃതികള്

ആ ദിവസം ഇന്നും ഒരു ഞെട്ടലോടെയെ ഓർക്കാനാകൂ... തകർത്തുപെയ്യുന്ന ഇടവപാതി ... വീടിനുള്ളിലേക്ക് ഏതാനും ചുവടുകൾ മാത്രം ശേഷിക്ക്കെ ഒരു ഇടിമിന്നലിന്റെ രൂപത്തിലെത്തിയ കാലപാശം ….എന്താണ് സംഭാവിക്കുന്നതെന്നറിയുന്നതിനു മുമ്പ് ദേവേട്ടന്റെ ശരീരം മൃതമായ ഒരു കരികട്ടയായി മാറി... പിന്നീട് ദിവസങ്ങൾ മാത്രം നീണ്ടുനിന്ന സഹതാപ -സഹായ കിരണങ്ങൾ . അഞ്ചും രണ്ടും വയസ്സ് മാത്രമുള്ള മക്കളെയും കൊണ്ട് മുന്നോട്ടുള്ള ജീവിതം ഒരു ദുരിതപർവ്വമായിരുന്നു ... .

ദൈവം ഒരു ചെറിയ കരുണ കാണിച്ചു .. ഗവർമെന്റ്റ് സ്കൂളിൽ അധ്യാപകനായിരുന്ന ദേവേട്ടന്റെ മരണശേഷം ആ സ്കൂളിൽ തന്നെ ഒരു ജോലി കിട്ടി … ജീവിതം കുറേശ്ശെ പച്ചപിടിക്കാൻ തുടങ്ങി .. പലരും ഉപദേശിച്ചു..

"പ്രായം അധികമൊന്നും ആയില്ലലോ ഗായത്രി .. ഇപ്പോൾ ജോലിയുമില്ലേ .. ഒരു കല്യാണം കഴിച്ചുകൂടെ ..? ഒറ്റക്കിങ്ങനെ കഴിയണോ...?
അതെല്ലാം നിഷേധിച്ചു.. ഇനിയുള്ള തന്റെ ജീവിതം തന്റെ മക്കൾക്ക് വേണ്ടി മാത്രം എന്ന് കണിശമായി നിശ്ചയിച്ചു. ഒട്ടേറെ ദുരിതങ്ങൾ സഹിച്ചു മക്കളെ വളർത്തി വലുതാകി . നല്ല വിദ്യാഭ്യാസവും അന്തസ്സൊത്ത ജീവിതവും നല്കി...

മക്കളുടെ വിവാഹം കഴിഞ്ഞതോടെ താൻ അവർക്കൊരു ഭാരമായിതുടങ്ങിയിരിക്കുന്നു .. വിദ്യാഭ്യാസതിൻറെ കൊടുമുടി കയറിയ മകൻ , ഒരു വലിയ ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉയർന്ന പദവികൾ സ്വന്തമാക്കി … എപ്പോഴും തിരക്കോട് തിരക്ക് … പരിഷ്കാരിയായ മരുമകൾക്ക് ടീച്ചറിന്റെ ഗ്രാമീണതയോട് പൊരുതപെടാനാകുമായിരുന്നില്ല … എന്നിരുന്നാലും കൊച്ചുമകന് അച്ഛമ്മയോട് വലിയ സ്നേഹമായിരുന്നു .
അമ്മയെ നോക്കുന്നതിനുള്ള പരിമിതികള് നിരത്തിയ മകൾ ഒടുവിലൊരു നിര്ദേശം വെച്ച്.. അമ്മയുടെ പേരിലുള്ള വിശാലമായ ആ പറമ്പും വീടും തനിക്കു വേണ്ടെന്നും അതുമുഴുവാൻ അമലിനു എടുക്കാമെന്നും പകരം അമ്മയുടെ ഉത്തരവാദിത്വം ഏറ്റെടുക്കയും വേണം.

മകൻറെ പേരിൽ എല്ലാം എഴുതികൊടുത്ത തനിക്കു പിന്നെ കാണാൻ കഴിഞ്ഞത് ആ കൊച്ചു വീട് ഇടിച്ചുനിരത്തി അവിടെ ആധുനിക സൌകര്യങ്ങളെല്ലാം ഉള്ള ഒരു ബംഗ്ലാവ് ഉയരുന്നതായിരുന്നു. ആദ്യമൊക്കെ ഒരു നല്ല മുറി തന്നെ ആ ബംഗ്ലാവിൽ തനിക്കായി മകൻ നീക്കി വെച്ചു. പിന്നെ പിന്നെ പതുക്കെ ഓരോ കാരണം പറഞ്ഞു തന്നെ ഈ ഇരുട്ട് മുറിയിൽ തള്ളി. അങ്ങിനെ തന്റെ ലോകം ഈ ഇടുങ്ങിയ മുറിയിലേക്ക് ഒതുങ്ങി.

പക്ഷെ കാര്യങ്ങൾ അവിടംകൊണ്ടും തീര്ന്നില്ല .. ഒരു ദിവസം വല്ലാതെ വിശന്ന ടീച്ചർ അടുക്കളയിൽ കയറി... ഫ്രിഡ്ജ് തുറന്നു .. അത്രയേ ഓർമയുള്ളൂ.. വിശപ്പിന്റെ കാടിന്യതാല് കണ്ണിലാകെ ഇരുട്ട് കയറുന്നതുപോലെ ... പെട്ടെന്ന് ടീച്ചർ തലചുറ്റി താഴെ വീണു.ഒപ്പം കൈതട്ടി മേശയിലും മറ്റും ഇരുന്നിരുന്ന സ്ഫടിക പാത്രങ്ങളും പ്ലേറ്റുകളുമെല്ലം തറയിൽ വീണുടഞ്ഞു...

ശബ്ദം കേട്ട് ഓടിവന്ന മരുമകൾ കണ്ടത് താഴെ വീണു കിടക്കുന്ന ടീചറെയും പിന്നെ പല കഷ്ണങ്ങളായി പൊട്ടിച്ചിതറിയ വിലപിടിച്ച പാത്രങ്ങളും …
ദേഷ്യം കൊണ്ട് വിറച്ച മരുമാകളാ ക്രോശിച്ചു ...

"അമ്മക്കെന്തിന്റെ കേടാ ..? അവിടെങ്ങാനും അടങ്ങിയൊതുങ്ങി ഇരിക്കരുതോ..ഇന്ന് വേലക്കാരി കുറച്ചു വൈകിയേ വരൂ ... അതുകൊണ്ടാ രാവിലെ ഒന്നും തരാഞ്ഞത് … ഒരു നേരം ഭക്ഷണം കഴിചില്ലെന്നുവെച്ചു ചത്ത് പോകതൊന്നുമില്ലലോ … ? എത്ര വിലകൂടിയ പാത്രങ്ങളാ നശിപ്പിച്ചത്.. ഇനിമുതല് അമ്മ മുറിയില് തന്നെ ഇരുന്നാൽ മതി ഭക്ഷണമൊക്കെ അങ്ങോട്ടെതിക്കാം ഇങ്ങോട്ട് വരേണ്ട മനസ്സിലായോ.."

അന്നുമുതല് അടുക്കളയിലിരുന്നു ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യവും നഷ്ടപ്പെട്ടു ടീച്ചര്ക്ക് .....മാത്രമല്ല ടീച്ചർക്ക് ഭക്ഷണം കഴിക്കനായി അലുമിനിയത്തിന്റെ ഒരു പ്ലേറ്റും ഒരു സ്റ്റീൽ ഗ്ളാസും വാങ്ങിവെച്ചു മരുമകൾ..

ദിവസങ്ങള് കടന്നുപോകവെ ഒരു ദിവസം മരുമകള് മകനോട് പറയുന്നത് കേട്ട് ടീച്ചർ ...

ഇനിയും അമ്മയെ നമ്മുക്കിവിടെ നിർത്തണോ ..? അടുത്തു തന്നെ ഒരു വൃദ്ധസദനമുണ്ടല്ലോ അവിടെ കൊണ്ടുപോയാക്കാം എല്ലാ മാസവും ഒരു നിശ്ചിത തുക കൊടുത്താൽ മതി. ഇവിടുതെക്കൾ സന്തോഷമാകും അമ്മക്കവിടെ

മറുത്തൊന്നും പറയാതിരുന്ന മകൻ അതങ്ഗീകരിചെന്നു തോന്നുന്നു.. മകനെ ശരിക്ക് കണ്ടിട്ട് തന്നെ എത്ര നാളായി...ബിസിനസ്സ് സാമ്രാജ്യം കെട്ടിപടുക്കുന്നതിനിടയില് തീരെ സമയമില്ലതായിരിക്കുന്നു. ഇനിയും ആർക്ക് വേണ്ടിയാണിത്രയും സമ്പാദിച്ചു കൂട്ടുന്നത്

പിറ്റേന്ന് രാവിലെ മകൻ മുറിയിലേക്ക് കയറിവന്നപ്പോൾ ടീച്ചർ മനസ്സിലാക്കി .. തന്റെ ഇവിടുത്തെ ജീവിതവും അവസാനിച്ചിരിക്കുന്നു..

കുറച്ചു സങ്കോചത്തോടെ പറഞ്ഞുതുടങ്ങിയ മകനോടായി ടീച്ചർ പറഞ്ഞു ..

"എന്റെ മോനൊട്ടും ഒട്ടും വിഷമിക്കേണ്ടാ... എല്ലാം അമ്മക്കറിയാം അമ്മക്കവിടെ സുകായിരിക്കും എപ്പോഴാ നമ്മളങ്ങോട്ടു പോകുന്നത് ...?
പിന്നെടെല്ലാം പെട്ടെന്നായിരുന്നു ... ഒരു ചെറിയ ബാഗിലോതുങ്ങുന്ന കുറച്ചു വസ്ത്രങ്ങൾ... അതുമാത്രമേ ടീച്ചറിനെടുക്കനുണ്ടായിരുന്നുള്ളൂ ..ആ വലിയ ബംഗ്ലാവിന്റെ പടിയിറങ്ങുമ്പോൾ ഒരു വിതുമ്പലോടെ ഒന്ന് തിരിഞ്ഞു നോക്കി ടീച്ചർ ... ആ ബംഗ്ളാവിനു പകരം മനസ്സില് തെളിഞ്ഞുവന്നത് പഴയ ആ കൊച്ചു വീടായിരുന്നു .. അവിടെ ദേവേട്ടനും താനും പിന്നെ പിച്ചവേച്ചുനടക്കുന്ന അമലും ആതിരയും...

അമ്മ കയറമ്മേ ... എനിക്ക് അമ്മയെ അവിടെ ആക്കിയിട്ടുവേണം വീട്ടിൽ വന്നു ഓഫീസിലേക്ക് പോകാൻ … മകന്റെ പറച്ചില് കേട്ട് കണ്ണുകൾ തുടച്ചു ടീച്ചർ കാറിൽ കയറി ഇരുന്നു കൂടെ കൊച്ചുമകനും

ആ വൃദ്ധ സദനത്തിന്റെ ഗേറ്റ് കടക്കുമ്പോൾ തന്നെ ടീച്ചര് കണ്ടു അശരണരായ വൃദ്ധരും അവരുടെ ഇടയിൽ മാലഖമാരെ പോലെ അവരുടെ സന്തോഷത്തിലും സന്താപത്തിലും പങ്കുകൊള്ളുന്ന ജീവനക്കാരും ....

കാറിൽ നിന്നിറങ്ങിയ ടീച്ചറും മകനും കൊച്ചുമോനും ആ സ്ഥാപനത്തിന്റെ സർവ്വാധികാരിയായ ഫാദർ സാമുവേലിനരികിലെത്തി എല്ലാ നടപടികളും പൂർത്തിയാ ക്കി.. അകത്തേക്ക് പോകാനോരുങ്ങവേ ടീച്ചർ ഒരിക്കൽ കൂടെ ഒന്ന് തിരിഞ്ഞു നോക്കി മകന്റെ മുഖത്തേക്ക് ...

അപ്പോൾ ആരോടോ ഫോണിലൂടെ സംസാരിച്ചുകൊണ്ടിരുന്ന മകന്റെ മുഖം ടീച്ചറിന് അവ്യക്തമായി ... അവൻ ആകാശതോളം വളർന്നിരിക്കുന്നു... മുഖം മാത്രം കാണുന്നില്ല.. അവിടം മാത്രം ഇരുട്ടാണ്...ടീച്ചർ മെല്ലെ അകത്തേക്ക് നടന്നു മറഞ്ഞു ...

തിരിച്ചു വീട്ടിലെത്തിയ അയാള് കണ്ടത് അമ്മയുടെ മുറിയിലേക്ക് പോകുന്ന മകനെ ആണ് …

"ഇവനെന്തിനാണങ്ങോട്ട് പോകുന്നത് " ഒരുവേള ശങ്കിച്ചു നിന്ന അയാളും ഭാര്യയും അവനെ പിന്തുടർന്നപ്പോൾ കണ്ടത് മകൻ അമ്മ ഉപയോഗിച്ച പ്ലേറ്റും ഗ്ളാസ്സും പിന്നെ കുടിക്കാനുള്ള വെള്ളം നിറച്ചുവെച്ചിരുന്ന ജഗ്ഗും എടുത്തു ഭദ്രമായി അലമാരയിൽ വെക്കുന്നതാണ്

അതുകണ്ട് ആശ്ചര്യത്തോടെ അയാൾ ചോദിച്ചു .."എന്തിനാണ് നീ ഇതെല്ലം ഇനിയും എടുത്തു വെക്കുന്നത് വേറെ എത്രയോ നല്ല പാത്രങ്ങളുണ്ടല്ലോ ഇവിടെ"

അതുകേട്ട മകൻ പറഞ്ഞു....

" ഇത് നാളേക്ക് കരുതി വെക്കുന്നതാ അച്ഛാ ... നാളെ ഞാനും വളർന്നു വലുതാകും.. അപ്പോഴേക്കും അച്ഛനും അമ്മക്കുമെല്ലം ഒരുപാട് വയസ്സാകും.. അപ്പോള് നിങ്ങൾക്കുപയോഗിക്കാൻ വേണ്ടിയാണ് ഞാനിതു സൂക്ഷിച്ചുവെക്കുന്നത് .. ഇത് മാത്രമല്ല അച്ഛാ … ഞാൻ ആ വൃദ്ധസദനത്തിന്റെ കാർഡും വാങ്ങിയിട്ടുണ്ട് …. അവർ പറഞ്ഞില്ലേ വിളിച്ചു പറഞ്ഞാല വീട്ടില് വന്നു കൊണ്ടുപോകും എന്ന് … ഞാൻ അവരോടു വിളിച്ചു പറയുകയേ ഉള്ളോ വയസ്സായാല് അച്ഛനേം അമ്മയേം കൊണ്ടുപോകാൻ"

ആ എട്ടു വയസ്സുകാരന്റെ നിഷ്കളങ്കമായ മറുപടി കേട്ട് അവർ സ്തബ്ധരായി … നാളെ തങ്ങളെ കാത്തിരിക്കുന്ന വിധിയും ഇതുതന്നെ എന്ന തിരിച്ചറിവ് തങ്ങള് ചെയ്താ തെറ്റിന്റെ ... മഹാപാപതിന്റെ ആഴം അവർക്ക് മനസ്സിലാക്കി കൊടുത്തു. ഏറ്റവും ശുശ്രുഷ വേണ്ട സമയത്ത് തങ്ങള് അമ്മയെ ഉപേക്ഷിച്ചിരിക്കുന്നു ഇതില്പരം പാപമെന്തുണ്ട്...?

പശ്ചാത്താപവിവസരായ അവർ അന്നുതന്നെ ഒരു ഉറച്ച തീരുമാനമെടുത്തു... അമ്മയെ കൂട്ടികൊണ്ടുവരുക ഇനിയുള്ള കാലം നന്നായി സംരക്ഷിക്കുക...
പിറ്റേന്ന് രാവിലെ തന്നെ വൃദ്ധസദനതിലെതിയ ആയാള് ആദ്യമായി കാണുന്നതുപോലെ അമ്മയെ നോക്കി. വാർദ്ധക്യത്തിൻറെ ലക്ഷണങ്ങൾ നിപതിച്ച ഐശ്വര്യമാർന്ന മുഖം...നരച്ചുതുടങ്ങിയ കറുത്ത ഫ്രെയിം ഉള്ള കണ്ണടക്കുപോലും വാർദ്ധക്യം ബാധിച്ചിരിക്കുന്നു.. ഒരുപക്ഷെ തന്നെ കണ്ടതുകൊണ്ടാകാം ആ കണ്ണുകൾക്ക് വല്ലാത്ത തിളക്കം … കുഞ്ഞിന ശി രസ്സോടെ അയാള് അമ്മയോട് പറഞ്ഞു ...

"അമ്മയോട് ഞാങ്ങളൊരുപാട് തെറ്റ് ചെയ്തു . അമ്മ ഞങ്ങളോട് ക്ഷമിക്കണം... ഞങ്ങളുടെ ഒപ്പം വരണം... ഇനിയുള്ള ഞങ്ങളുടെ ജീവിതം അമ്മക്കുവേണ്ടിയായിരിക്കും അമ്മക്കൊരു കുറവും അവിടുണ്ടാകില്ല"
അതുകേട്ടു പുഞ്ചിരിയോടെ ആ അമ്മ പറഞ്ഞു

നോക്ക് മോനെ അമ്മക്കിവിടെ നല്ല സുകമാണ് .. എന്നേക്കാൾ പ്രായം കൂടിയവര് ... എന്നേക്കാൾ അവശരായവര്... ബന്ധുജനങ്ങളാലുപേക്ഷിക്കപെട്ടവര്.... അവരെയെല്ലാം സ്നേഹിക്കാൻ സന്മനസ്സുള്ള ഫാദർ സാമുവേലും പിന്നെ ഒരുകൂട്ടം മാലാഖമാരും .. ഇവിടെ ജാതി മതഭേദങ്ങളുടെ വിത്യാസമില്ല.. എല്ലാവരും നല്ല സൗഹൃദത്തോടെ... സ്നേഹത്തോടെ കഴിഞ്ഞുകൂടുന്നു ….മനസ്സില് സ്നേഹവും കാരുണ്യവും കുടികൊള്ളുന്ന ഇവർക്കുവേണ്ടിയാകട്ടെ ഇനിയുള്ള എന്റെ ജീവിതം … ഈ അമ്മ മോനെ ഒരിക്കലും ശപിച്ചിട്ടില്ല .. ഒരമ്മക്കും അതിനു കഴിയില്ല മോനെ ...എന്റെ മോൻ ചുറ്റുപാടുകളെ സ്നേഹിച്ചും സഹായിച്ചു കഴിയണം അതെ അമ്മക്ക് പറയാനുള്ളൂ"..

പെട്ടെന്ന് എന്തോ ഓർത്തപോലെ ആ അമ്മ പറഞ്ഞു

" ഒരു നിമിഷം മോനെ അമ്മ ഇപ്പോൾ വരാം ." എന്നും അകത്തേക്ക് ടീച്ചർ ഒരു ചെറിയ സ്റ്റീൽ പാത്രവുമായി വന്നു എന്നിട്ട് പറഞ്ഞു ...

"മോനറിയോ ഇന്ന് മോന്റെ പിറന്നാളാണ്... ഇത് അമ്മ അടുത്തുള്ള ക്ഷേത്രത്തിൽ പോയി കഴിച്ച വഴിപാടുപായസമാണ് ..എന്റെ മോന്റെ സുഖത്തിനും സമൃദ്ധിക്കും വേണ്ടി ...…. അമ്മ എല്ലാ വർഷ വും മോന്റെ പിറന്നാളിന് അടുത്തുള്ള അമ്പലത്തിൽ പോയി വഴിപാടു നടത്താറുണ്ട് . തിരക്കിനിടയിൽ മോനതൊന്നും ശ്രദ്ധിക്കാറില്ല.. "

സ്റ്റീൽ പാത്രം കയ്യിൽ കൊടുത്തുകൊണ്ട് ആ അമ്മ പറഞ്ഞു...

" ഇനി മോൻ പൊയ്ക്കോ ഇവിടെ ഭക്ഷണം കഴിക്കാനുള്ള സമയമായി … അവളോട് പറയണം അമ്മക്കാരോടും ഒരു ദേഷ്യവുമില്ലെന്നു... അമ്മക്കിവിടെ സുകാന്നു പറയണം"

നിറഞ്ഞുവന്ന കണ്ണുകൾ തുടച്ചുകൊണ്ട് ടീച്ചർ അകത്തേക്ക് നടന്നു മറഞ്ഞു
സ്നേഹത്തിന്റെ ഈ മൂർ ത്തിഭാവതെയാണല്ലോ താൻ ഇത്രനാളും അവഗണിച്ചതെന്നോർത്തു പശ്ചാതാപവിവശനായ അയാൾ കൊച്ചു കുട്ടിയെപോലെ പൊട്ടികരഞ്ഞു...ഈ ഭൂമിയില് അമ്മക്ക് തുല്യമായിയാതൊന്നുമില്ലെന്ന തിരിച്ചറിവ് അയാളെ ഒരു പുതിയ മനുഷ്യനാക്കി മാറ്റിയെടുക്കുകയായിരുന്നു......

0 comments :

Post a Comment

Related Posts Plugin for Sruthilayam ശ്രുതിലയം അക്ഷരം അഗ്നിയാണ്. അക്ഷരം ആയുധമാണ് Sruthilayam ശ്രുതിലയം അക്ഷരം അഗ്നിയാണ്. അക്ഷരം ആയുധമാണ് - കഥകള്‍ കവിതകള്‍ നിരൂപങ്ങള്‍ ആശംസകള്‍ - Poem Story Criticism Greetings from Sruthilayam Facebook Group WordPress, Blogger...

Follow Us


SocialTwist Tell-a-Friend